ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷണെടുത്തവർക്കുള്ള സബ്‌സിഡി കേന്ദ്ര സർക്കാർ ഉയർത്തി. 200 രൂപയിൽനിന്ന് 300 രൂപയാക്കിയാണ് സബ്സിഡി ഉയർത്തിയത്. മന്ത്രിസഭ തീരുമാനങ്ങൾ വിവരിക്കുന്നതിനിടെ കേന്ദ്ര മന്ത്രി അനുരാഗ് ഠാകൂറാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ 14.2 കിലോഗ്രാം സിലിണ്ടറിന് 703 രൂപയാണ് പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾ നൽകുന്നത്. ഇനി മുതൽ 603 രൂപ നൽകിയാൽ മതി. ഈ മാസം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു.
ഗ്രാമീണ മേഖലകളിലെ നിർധന കുടുംബങ്ങളിൽ വിറകിനു പകരം എൽ.പി.ജി ഉപഭോഗം ശീലമാക്കുക എന്ന ലക്ഷ്യത്തോടെ 2016 മെയിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് ഉജ്വല യോജന പദ്ധതി നടപ്പാക്കിയത്.വിറക് കത്തിക്കുമ്പോഴുള്ള മലിനീകരണം ഒഴിവാക്കാനും കാട്ടിനുള്ളിലും മറ്റും പോയി ഉണ്ടാവുന്ന അപകടങ്ങൾ കുറക്കാനും കൂടി ഉജ്വല പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നു.