പത്തനംതിട്ട: കടിച്ച പാമ്പുമായി സെക്യൂരിറ്റി ജീവനക്കാരൻ ആശുപത്രിയിലെത്തി. പത്തനംതിട്ട കൊടുമൺ കിഴക്ക് പുഷ്പ വിലാസത്തിൽ വി.കെ.വിജയൻ (71) ആണ് തന്നെ കടിച്ച അണലി ഇനത്തിൽപ്പെട്ട പാമ്പിനെ തല്ലിക്കൊന്ന് കൂടിനകത്താക്കി ആശുപത്രിയിലെത്തിയത്. ഗുരുതരാവസ്ഥയിലായ വിജയനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ പറക്കോട്ട് ആയിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്ന വിജയന്റെ കാലിൽ രാത്രിയിൽ പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്നു വിജയൻ പാമ്പിനെ അടിച്ചു കൊന്ന് കൂടിലാക്കി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നു ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാമ്പ് ഏതെന്നു മനസ്സിലാക്കിയതിനാൽ ചികിത്സ നിർണയിക്കുന്നത് എളുപ്പമായെന്നു ആശുപത്രി അധികൃതർ പറഞ്ഞു.