തിരുവനന്തപുരം: തിരുവനന്തപുരം നഴ്സിങ് കോളജില്‍ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും തമ്മില്‍ വാക്കേറ്റം. വനിത ഹോസ്റ്റലില്‍ ക്യാമറയും സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ചതാണ് വലിയ വാക്കേറ്റത്തിനിടയാക്കിയത്. വാക്കേറ്റത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രിന്‍സിപ്പലിന്‍റെ പ്രതികരണവും വിവാദമായി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. പ്രിന്‍സിപ്പലുമായി സംസാരിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നഴ്സിങ് കോളജിലെ വനിത ഹോസ്റ്റലില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നുമാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ സമീപിക്കുകയായിരുന്നു.
ഹോസ്റ്റലില്‍ സെക്യൂരിറ്റിയെ ഏര്‍പ്പെടുത്തണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം പ്രിന്‍സിപ്പല്‍ നിരസിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്. നേരത്തെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അനുകൂല മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എസ്.എഫ്.ഐ ജില്ല നേതാക്കള്‍ ഉള്‍പ്പെടെ പ്രിന്‍സിപ്പലിനെ കാണാനെത്തിയിരുന്നു. വാക്കേറ്റത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ പ്രിന്‍സിപ്പള്‍ രോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഞാന്‍ എന്ന വ്യക്തി കഴിഞ്ഞിട്ടെ എല്ലാമുള്ളുവെന്നും അലവലാതികളോട് സംസാരിക്കാന്‍ ഇല്ലെന്നുമായിരുന്നു പ്രിന്‍സിപ്പലിന്‍റെ പ്രതികരണം. തുടര്‍ന്ന് വാക്കേറ്റത്തിനിടെ പൊണ്ണതടിയന്മാര്‍ വന്ന് തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നും അടിച്ചു ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചതായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. മോശം ഭാഷയില്‍ സംസാരിച്ച പ്രിന്‍സിപ്പലിനെ കോളജില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഓഫീസില്‍നിന്ന് പ്രവര്‍ത്തകര്‍ മടങ്ങിയത്.