പാട്ന: ബിഹാര്‍ ജാതി സെന്‍സസ് തടയാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഒരു സംസ്ഥാന സര്‍ക്കാരിനെയോ ഏതെങ്കിലും സര്‍ക്കാരുകളെയോ തീരുമാനം എടുക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎന്‍ ഭാട്ടി എന്നിവര്‍ അടങ്ങുന്ന ബഞ്ച് വാക്കാലായിരുന്നു ഈ നിരീക്ഷണം നടത്തിയത്. ഇതോടെ ജാതി സെന്‍സസുമായി ബന്ധപ്പെട്ട രണ്ടാംഘട്ട സര്‍വെയുമായി മുന്നോട്ട് പോകാനും ബിഹാര്‍ സര്‍ക്കാരിന് സാധിക്കും. നേരത്തെ പട്ന ഹൈക്കോടതിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്.
ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. നേരത്തെ ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാട്ന ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹര്‍ജികള്‍ പരിഗണിക്കുന്നത് 2024 ജനുവരിയിലേക്ക് മാറ്റി. ഹര്‍ജികളില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി നോട്ടീസയക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ പട്ന ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സര്‍വേയുമായി മുന്നോട്ട് പോകാന്‍ നേരത്തെ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ജാതി സര്‍വ്വേയല്ലെന്നും ജനങ്ങളുടെ സാമ്പത്തികാവസ്ഥ സംബന്ധിച്ച വിവര ശേഖരണമാണ് നടത്തുന്നതെന്നുമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയിരുന്ന വിശദീകരണം.
ജാതി അടിസ്ഥാനത്തില്‍ സര്‍വേ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാര്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ 36 ശതമാനം പേര്‍ അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുളളവരാണ്. 27 ശതമാനം പിന്നാക്ക വിഭാഗക്കാര്‍, 19.7 ശതമാനം പേര്‍ പട്ടികജാതി, 1.7 ശതമാനം പേര്‍ പട്ടികവര്‍ഗക്കാരുമാണെന്ന് സര്‍വേയില്‍ പറയുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയാണ്. ബിസി വിഭാഗത്തില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സമുദായമായ യാദവ് സമുദായമാണ് ഏറ്റവും വലിയ ഉപസമുദായം. 14.27 ശതമാനമാണ് യാദവ് സമുദായം. കുര്‍മി സമുദായം 2.87 ശതമാനം, മുസാഹര്‍ സമുദായം മൂന്ന് ശതമാനം, ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം എന്നിങ്ങനെയാണ് കണക്ക്.