ഹമാസ് ഭീകര സംഘടനയാണെങ്കിൽ ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പലസ്തീനിലെ ജനങ്ങൾ നടത്തുന്നത് അവരുടെ മണ്ണിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ്. ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൽ നരേന്ദ്ര മോദി സർക്കാർ എടുത്ത ഏകപക്ഷീയനിലപാട് തെറ്റാണെന്നും എം.എ ബേബി.
അമേരിക്കൻ പക്ഷപാതിരാജ്യങ്ങൾക്കൊപ്പം നിന്ന് ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ലോകരാഷ്ട്രീയ നീതിക്കും ലോകസമാധാനത്തിനും ഇന്ത്യയുടെ ദേശീയതാല്പര്യങ്ങൾക്കും എതിരാണ്. സ്വതന്ത്ര ഇന്ത്യ എന്നും പാലസ്തീൻ്റെ സ്വയം നിർണയാവകാശത്തിനൊപ്പം ആയിരുന്നു. അടുത്ത കാലം വരെയും ഇന്ത്യയ്ക്ക് ഇസ്രായേലുമായി നയതന്ത്രബന്ധം പോലും ഉണ്ടായിരുന്നില്ല. പടിഞ്ഞാറൻ ഏഷ്യയിൽ അമേരിക്കയും ഇംഗ്ളണ്ടും കൂടെ സ്ഥാപിച്ച ഈ മതഭീകരരാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചിരുന്നുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിലൂടെ ഇസ്രായേൽ പിടിച്ചെടുത്ത പാലസ്തീൻ ഭൂപ്രദേശം തിരിച്ച് വിട്ടുകൊടുക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം, അത് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ എല്ലാം ഒത്തൊരുമിച്ച് പാസ്സാക്കിയതാണ്, ഇസ്രായേൽ അവജ്ഞയോടെ അവഗണിക്കുകയാണ്. ഒരർത്ഥത്തിൽ അപ്പാർത്തീട് നടപ്പാക്കുന്ന, ഫാസിസ്റ്റ് അടിച്ചമർത്തൽ പിന്തുടരുന്ന ലോകത്തിലെ ഏറ്റവും കൊടിയ കുറ്റവാളിരാഷ്ട്രമാണ് ഇസ്രയേൽ. അതുകൊണ്ടുകൂടിയാണ് വർണവെറിയൻ ഭരണം നിലനിന്ന കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടെന്നപോലെ ഇസ്രയേലിനോടും ഇന്ത്യ നയതന്ത്രപരമായ അകൽച്ച പാലിച്ചിരുന്നത്. ആർ എസ്സ് എസ്സ് നിയന്ത്രിക്കുന്ന നരേന്ദ്രമോദി ഭരണത്തിൻകീഴിൽ ആ മഹത്തായ പാരമ്പര്യമെല്ലാം പാടേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്രാജ്യത്വവിരുദ്ധ ദേശീയസ്വാതന്ത്യസമരത്തിലൂടെ വികസിച്ചുവന്നതാണ് നമ്മുടെ വിദേശനയം. അത് ഇന്ത്യയുടെ ഭരണഘടനയിലും പ്രതിഫലിക്കുന്നുണ്ട്. സാമ്രാജ്യത്വിരുദ്ധതയിൽ അടിയുറച്ച ചേരിചേരാ നയം ആണ് അതിന്റെ കാതൽ. അതിന്റെ അടിസ്ഥാനത്തിൽ വേണം നമ്മുടെ വിദേശനയം എക്കാലവും വികസിപ്പിക്കുന്നത്. അതാണ് ഇപ്പോൾ ബിജെപി ഭരണം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ചേരിയുടെ കാലാൾ ആവുന്നത് നമ്മുടെ തന്ത്രപരമായ താല്പര്യങ്ങൾക്കും എതിരാണെന്നും എം.എ ബേബി.