ജറുസലേം: ഗാസയിൽ മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടന. ഗാസയിലേക്ക് മരുന്നും വൈദ്യസഹായവും എത്തിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. വെടിനിർത്തൽ വേണമെന്നും മാനുഷിക ഇടനാഴി ഒരുക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇറാൻ പങ്കുചേരരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. മിന്നലാക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും എന്നാൽ ഇതിന് തെളിവില്ലെന്നും അമേരിക്ക പറഞ്ഞു. ഇസ്രയേലിന് അത്യാധുനിക യുദ്ധോപകരണങ്ങൾ നൽകിയ അമേരിക്ക യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ നേരിട്ട് അയക്കില്ലെന്നും വ്യക്തമാക്കി.
ഇസ്രയേൽ പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ജനങ്ങൾ വലയുകയാണ്. 45000 ൽ അധികം പേർ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥിക്യാമ്പുകളിലേക്ക് മാറി. ഇതിൽ രണ്ട് ക്യാമ്പുകൾ വ്യോമാക്രമണത്തിൽ തകർന്നു. നിലനിൽപിനായുള്ള യുദ്ധമാണ് നടക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.