വടകര ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഷാഫി പറമ്പിലിനെ നിയോഗിച്ചതിനെ തുടർന്ന് പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർ നൽകിയ വൈകാരിക യാത്രയയപ്പിനെ പരിഹസിച്ച കെ.ടി ജലീൽ എം.എൽ.എക്കെതിരെ പരിഹാസവുമായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റും ഹരിത സംസ്ഥാന പ്രസിഡന്റുമായിരുന്ന ഫാത്തിമ തഹ്‍ലിയ. മിസ്റ്റർ KT (കുറ്റിപ്പുറം തവനൂർ) ജലീൽ പോയാൽ നാട്ടിലെ ആളുകൾ പോയിട്ട്, വീട്ടിലെ ആടുകൾ പോലും കരയില്ലെന്ന് അവർ അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്വന്തം വീട് നിൽക്കുന്ന കോട്ടക്കൽ മണ്ഡലത്തിൽ മത്സരിക്കാൻ പോലും ധൈര്യമില്ലാത്ത താങ്കളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നതെന്നും അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണമെന്നും അവർ കൂട്ടിച്ചേർത്തു.
പാലക്കാട്ടുകാർ സങ്കടപ്പെടേണ്ടെന്നും നിങ്ങളുടെ എം.എൽ.എ സുഖമായി പാലക്കാട്ട് തിരിച്ചെത്തുമെന്നും കെ.ടി ജലീൽ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ “യാത്രപറച്ചിൽ നാടകം” വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം. തിരിച്ച് വരുമ്പോൾ കരയാൻ മറ്റൊരു സംഘത്തെ ഏർപ്പാടാക്കുന്നതാകും ഉചിതം. ശൈലജ ടീച്ചറോട് മത്സരിച്ച് തോറ്റ് തൊപ്പിയിടാൻ വേണ്ടി പോകുന്നതിനാണ് ആളെ വേഷംകെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കാണറിയാത്തത്?. പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി മണ്ഡലം മാറുന്നു എന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിന്റെ തനിയാവർത്തനമാണ് പാലക്കാട്ട് നടന്നത്. വടകരയിലേക്ക് രണ്ടുമാസത്തിന് വിസിറ്റിങ് വിസയെടുത്തെത്തിയ ‘അതിഥി മരുമകനെ’ നന്നായി സൽക്കരിച്ച് പാലക്കാട്ടേക്ക് തന്നെ വടകരക്കാർ തിരിച്ചയക്കും. വടകരയിൽ കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ടെന്നും അത് ലീഗിൻ്റെ പണത്തിൻ്റെ പുളപ്പാണെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫാത്തിമ തഹ്‍ലിയയുടെ പോസ്റ്റ്.