തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ ലൈംഗികാതിക്രമം നടത്തിയ പരാതിയിൽ മിമിക്രി താരം ബിനു. ബി. കമലിനെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന യുവതിയോട് ബിനു അപമര്യാദയായി പെരുമാറുകയും, ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ഇതോടെ യുവതി ബഹളംവച്ചു. ബസ് വട്ടപ്പാറ ജംഗ്ഷനിലെത്തിയപ്പോൾ ബിനു ഇറങ്ങിയോടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ മലയാളി നടിയ്ക്ക് സഹയാത്രികനിൽ നിന്ന് ദുരനുഭവം ഉണ്ടായി. മുംബയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നാണ് സൂചന. ഇയാൾ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചതെന്നാണ് നടിയുടെ പരാതിയിലുള്ളത്. തൃശൂർ സ്വദേശിയായ പ്രതി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.