വടകര:ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസ് യു.ഡി.എഫ് മുഖ്യ പ്രചാരണ വിഷയമാക്കുന്നതിനെ വിമർശിച്ച് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. അത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും കേസിൽ കോടതി വിധി കൽപ്പിക്കുമെന്നും അവർ മീഡിയവണിനോട് പറഞ്ഞു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളും വടകര പാർലമെൻറ് മണ്ഡലത്തിലെ വിഷയങ്ങളുമാണ് ചർച്ച ചെയ്യേണ്ടതെന്നും അവർ പറഞ്ഞു. എൽഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അത്തരം വിഷയങ്ങളുമായാണെന്നും വ്യക്തമാക്കി.
എതിർ സ്ഥാനാർഥി വന്നതൊന്നും പ്രശ്‌നമല്ലെന്നും ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്നും കെകെ ശൈലജ പറഞ്ഞു. ഷാഫി പറമ്പിലാണ് വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി. അദ്ദേഹം കഴിഞ്ഞ ദിവസം വടകരയിലെത്തി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ടിപി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ടിപി വധക്കേസ് വടകരയിലെ പ്രധാന പ്രചരണായുധമാക്കാനാണ് യു.ഡി.എഫ് ഒരുക്കം. ടി.പി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വസതിയിലെത്തിയ സ്ഥാനാർഥിയെ മുദ്രാവാക്യ വിളികളോടെയാണ് ആർഎംപി പ്രവർത്തകർ വരവേറ്റത്.കെകെ രമ എംഎൽഎ സ്ഥാനാർഥിയെ സ്വീകരിച്ചു. ടിപി കേസും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കെകെ രമ പറഞ്ഞു. ടിപിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകരോട് കുശലാന്വേഷണം നടത്തിയ ഷാഫി പറമ്പിൽ വിജയ പ്രതീക്ഷ മീഡിയവണിനോട് പങ്കുവെച്ചു. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും വടകരയിലെ വീട്ടിലെത്തി ഷാഫി പറമ്പിൽ കണ്ടു.