വാഷിംഗ്ടൺ: ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ 22 അമേരിക്കക്കാർ കൊല്ലപ്പെട്ടതായും 17 പേരെ കാണാതായതായും വൈറ്റ് ഹൗസ് അറിയിച്ചു. വരും ദിവസങ്ങളിൽ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉൾപ്പെടുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു.ബന്ദികളെ വീണ്ടെടുക്കുന്നത് സംബന്ധിച്ച് ഇസ്രായേലി പ്രതിരോധ സേനയുമായി യു.എസ് ആശയവിനിമയം നടത്തുന്നുണ്ട്. വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബിയും മരണസംഖ്യ സ്ഥിരീകരിച്ചു.
അതിനിടെ, രൂക്ഷമായ ബോംബിങ്ങും ഉപരോധവും ഗസ്സയെ മരണമുനമ്പായി മാറ്റിയിട്ടുണ്ട്. ആക്രമണത്തിൽ 14 അമേരിക്കക്കാർ മരിച്ചതായി നേരത്തെ യു. എസ് സർക്കാർ സ്ഥിരീകരിച്ചിരുന്നു.ബന്ദികളുടെ കുടുംബത്തോടൊപ്പമുണ്ടെന്നും തങ്ങൾ കഴിയുന്നതെല്ലാം അവർക്കുവേണ്ടി ചെയ്യുമെന്നും ജോൺ കിർബി പറഞ്ഞു. ഇസ്രായേലിന് തങ്ങളുടെ സൈനിക പിന്തുണയും അമേരിക്ക നൽകുന്നുണ്ട്. യു.എസ്. വിമാനവാഹിനിക്കപ്പൽ ചൊവ്വാഴ്ച എത്തിച്ചേർന്നിരുന്നു. കൂടാതെ മിസൈൽ അടക്കം ആധുനിക യുദ്ധോപകരണങ്ങളും അമേരിക്ക ഇസ്രയേലിന് നൽകുന്നുണ്ട്.