ന്യൂഡൽഹി : ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ശനിയാഴ്ച രാവിലെ 5.30 നു ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. 16 മലയാളികൾ വിമാനത്തിൽ എത്തുന്നതായാണു വിവരം. കേരളത്തിലേക്ക് എത്താനായി താൽപര്യം അറിയിച്ചു കേരള ഹൗസ് വെബ്സൈറ്റിൽ 20 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ വിമാനം എത്തിയിരുന്നു. ഇതിൽ ഏഴുപേർ മലയാളികളാണ്.
പിഎച്ച്ഡി വിദ്യാർഥിയായ കണ്ണൂർ ഏച്ചൂർ സ്വദേശി എം.സി.അച്ചുത്, ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ കൊല്ലം കിഴക്കും ഭാഗം സ്വദേശിനി ഗോപിക ഷിബു, പിഎച്ച്ഡി വിദ്യാർഥി മലപ്പുറം പെരിന്തൽ മണ്ണമേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനി ദിവ്യ റാം, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർഥിനി പാലക്കാട് സ്വദേശിനി നിള നന്ദ, മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ ടി.പി. രസിത (ഇരുവരും പോസ്റ്റ് ഡോക്ടറൽ വിദ്യാർഥികൾ) എന്നിവരാണു സംഘത്തിലെ മലയാളികള്‍. പുലർച്ചെ ആറു മണിയോടെയാണു വിമാനം എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽനിന്നു വിമാനം പുറപ്പെട്ടത്.