ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നുവെന്ന അഭ്യൂഹങ്ങൾ തളളി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിങ്. ഏറെ വർഷങ്ങളായി താൻ കോൺഗ്രസിലുണ്ടെന്നും അവസാന ശ്വാസം വരെയും കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദിഗ്വിജയ സിങിന്റെ രാജി എന്ന പേരിൽ ഒരു കത്ത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായെത്തിയത്.
ബിജെപി നുണ പറയുന്നതിൽ വിദഗ്ധരാണ്. 1971-ലാണ് താൻ കോൺഗ്രസ് അംഗത്വം എടുത്തത്. കോൺഗ്രസിൽ ചേർന്നത് സ്ഥാനത്തിന് വേണ്ടിയല്ല, പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ്. അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും. വ്യാജ പ്രചാരണങ്ങൾക്കെതിരെ താൻ പൊലീസിൽ പരാതി നൽകിയതായും ദിഗ്വിജയ സിങ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
മധ്യപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നൽകിയ ശുപാർശ പാർട്ടി അവഗണിച്ചതിനാൽ ദിഗ്വിജയ സിങ് രാജിവെക്കുന്നു എന്നാണ് ദിഗ്വിജയ സിങിന്റെ ഔദ്യോഗിക ലെറ്റർഹെഡിന്റെ മാതൃകയിലുള്ള പേപ്പറില്‍ എഴുതിയ കത്തില്‍ പറയുന്നത്. സംസ്ഥാന കോൺഗ്രസ് നേതാക്കളും ഈ കത്തിനെക്കുറിച്ചുള്ള വാർത്തകൾ തള്ളിക്കളഞ്ഞു.
ദിഗ്വിജയ സിങ് ഭോപ്പാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐപിസി 469, 501 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. രാജ്യസഭാ എം പി ദിഗ്വിജയ് സിങ്ങിന്റെ പ്രതിച്ഛായയ്ക്ക് മോശം വരുത്തുന്ന തരത്തിൽ ഒരു അജ്ഞാതൻ വ്യാജ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ഇത് ബിജെപി വക്താവ് ഹിതേഷ് ബാജ്പേയി ഉൾപ്പടെയുള്ളവർ റീ പോസ്റ്റ് ചെയ്തതായും പരാതി ലഭിച്ചുവെന്നും ഭോപ്പാൽ സൈബർ ക്രൈം എസിപി സുജീത് തിവാരി പറഞ്ഞു.