ന്യൂഡൽഹി: 26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിവാഹിത സമർപ്പിച്ച ഹരജി തള്ളി സുപ്രീംകോടതി. തന്‍റെ മൂന്നാമത്തെ ഗർഭമാണിതെന്നും പ്രസവശേഷമുള്ള വിഷാദരോഗാവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും കാണിച്ച് യുവതി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് തള്ളിയത്. നേരത്തെ, രണ്ടംഗ ബെഞ്ച് വിഷയത്തിൽ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു.
രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചതിന് ശേഷം ‘പോസ്റ്റ്-പാർട്ടം ഡിപ്രഷൻ’ എന്ന വിഷാദാവസ്ഥ അനുഭവിക്കുകയാണ് താനെന്നും മാനസികാരോഗ്യത്തിന് ചികിത്സ തേടുകയാണെന്നും സ്ത്രീ കോടതിയെ അറിയിച്ചിരുന്നു. ഗർഭനിരോധന മാർഗം പരാജയപ്പെട്ടതുമൂലമാണ് വീണ്ടും ഗർഭിണിയായതെന്നും മുൻകൂട്ടി തയാറെടുത്തുള്ള ഗർഭമല്ലെന്നും ഇവർ പറഞ്ഞു. ഗർഭിണിയാണെന്ന കാര്യം ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. വീണ്ടുമൊരു കുഞ്ഞിനെ പ്രസവിക്കുന്നത് മാനസികമായും വൈകാരികമായും സാമ്പത്തികമായും തകർക്കുമെന്നും ഇവർ കോടതിയെ അറിയിച്ചിരുന്നു.
ഒക്ടോബർ ഒമ്പതിന് ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. ആദ്യ ദിവസം ഇരുവരും ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയെങ്കിലും തീരുമാനം പുന:പരിശോധിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതോടെ ജസ്റ്റിസ് ഹിമ കോഹ്ലി മുൻ വിധിയിൽ നിന്ന് മാറുകയായിരുന്നു. തുടർന്നാണ് മൂന്നംഗ ബെഞ്ചിൽ ഹരജിയെത്തിയത്.ഗർഭസ്ഥ ശിശുവിന് അപാകതയൊന്നുമില്ലെന്ന് എയിംസിലെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നുവെന്ന് ഇന്ന് മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. 26 ആഴ്ചയും അഞ്ച് ദിവസവുമായ ഗർഭം അലസിപ്പിക്കുന്നത് ഗർഭഛിദ്ര നിയമത്തിന് വിരുദ്ധമാണ്. അമ്മയ്ക്കോ കുഞ്ഞിനോ യാതൊരു കുഴപ്പവുമില്ലായെന്നത് കൂടി പരിഗണിക്കുമ്പോൾ ഗർഭഛിദ്രത്തിനുള്ള ഹരജി അനുവദിക്കാനാകില്ല -കോടതി വ്യക്തമാക്കി.