തിരുവനന്തപുരം∙ ചൈനയിലെ ഹാങ്ചോയില്‍ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്കു പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാര്‍. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ സമ്മാനമായി നൽകും. വെള്ളി മെഡൽ നേടിയവർക്ക് 19 ലക്ഷവും വെങ്കല മെഡൽ വിജയിച്ചവർക്ക് 12.5 ലക്ഷം രൂപയും ലഭിക്കും.ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമുണ്ടായത്. മുൻപു നൽകിയതിനേക്കാൾ 25 ശതമാനം വർധനയാണ് സർക്കാർ സമ്മാനത്തുകയിൽ കൊണ്ടുവന്നത്. ഏഷ്യൻ ഗെയിംസ് അവസാനിച്ച് പത്ത് ദിവസങ്ങൾക്കു ശേഷമാണ് സംസ്ഥാന സർക്കാർ സമ്മാനത്തുക പ്രഖ്യാപിച്ചത്. സർക്കാരിന്റെ സമീപനത്തിൽ നിരാശയുണ്ടെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ് പരസ്യമായി പ്രതികരിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് കോടികൾ പാരിതോഷികം നൽകുമ്പോൾ കേരള സർക്കാർ പൂർണമായും അവഗണിക്കുകയാണെന്നു ശ്രീജേഷ് ആരോപിച്ചു. നാട്ടിലെത്തിയപ്പോൾ ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നില്ലെന്നും ശ്രീജേഷ് പരാതിപ്പെട്ടിരുന്നു. ബാഡ്മിന്‍റണ്‍ താരം എച്ച്.എസ്. പ്രണോയ്, ട്രിപ്പിള്‍ ജംപ് താരങ്ങളായ എല്‍ദോസ് പോള്‍,അബ്ദുല്ല അബൂബക്കര്‍ എന്നിവർ കേരളം വിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും പ്രതികരിച്ചിരുന്നു.
സ്വർണം നേടിയ പഞ്ചാബ് താരങ്ങൾക്ക് പഞ്ചാബ് സർക്കാർ ഒരു കോടി രൂപ വീതമാണു നൽകുന്നത്. വെള്ളി നേടിയവർക്ക് 75 ലക്ഷവും വെങ്കല ജേതാക്കൾക്ക് 50 ലക്ഷവും വീതം നൽകുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ അറിയിച്ചു. പഞ്ചാബിൽ നിന്നുള്ള 33 താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയത്.