ഇടുക്കി: മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു.
രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ദൗത്യസംഘത്തിന് നേരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍.
മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത് 50ലധികം വന്‍കിട കെട്ടിടങ്ങളാണ്. സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വന്‍കിട കമ്പനികള്‍ മുതല്‍ രാഷ്ട്രീയ പ്രമുഖരുടെ ബന്ധുക്കള്‍ വരെ ഈ പട്ടികയില്‍ ഉണ്ട്. മൂന്നാറിലേക്ക് ദൗത്യസംഘം മലകയറുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത നീക്കം.
കളക്ടറുടെ പട്ടികയില്‍ 7 റിസോര്‍ട്ടുകളാണ് കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയത്. ആനവരട്ടി വില്ലേജ്, കെ ഡി എച്ച്, പള്ളിവാസല്‍, കീഴാന്തൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലായി 50 ലധികം വന്‍കിട നിര്‍മ്മാണങ്ങളാണ് ഏക്കര്‍ കണക്കിന് കയ്യേറ്റം ഭൂമിയില്‍ നടന്നിരിക്കുന്നത്.