മോസ്കോ: ഇസ്രായേൽ ഹമാസ് സംഘർഷം അതി ഭീകരമായി തുടരുന്നതിനിടെ ഗസ്സയിലേക്ക് അവശ്യവസ്തുക്കൾ അയച്ച് റഷ്യ. 27 ടൺ അവശ്യവസ്തുക്കൾ അയച്ചതായി മോസ്കോയിലെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ എൽ-അരിഷിലേക്കാണ് മോസ്കോ റാമെൻസ്‌കോ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനം പുറപ്പെട്ടത്.
ഗോതമ്പ്, പഞ്ചസാര, അരി, പാസ്ത എന്നിവയാണ് പ്രധാനമായും സാധനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നത്. സാധനങ്ങൾ ഈജിപ്ഷ്യൻ റെഡ് ക്രസന്റിന് കൈമാറുമെന്ന് റഷ്യൻ ഡെപ്യൂട്ടി മന്ത്രി ഇല്യ ഡെനിസോവ് പറഞ്ഞു.
ഇസ്രായേൽ തുടരുന്ന കിരാതമായ വ്യോമാക്രമണങ്ങൾക്കിടയിൽ 10 ലക്ഷം ആളുകളാണ് ഗസ്സയിൽനിന്ന് വീടുവിട്ട് പലായനം ചെയ്തത്. സുദീർഘമായ ചർച്ചകൾക്കാടുവിലാണ് ഈജിപ്തിൽ നിന്ന് ഗസ്സയിലേക്കുള്ള റഫ അതിർത്തി കടക്കാൻ പരിമിതമായ എണ്ണം ട്രക്കുകളെ ഇസ്രായൽ അനുവദിച്ചത്.