ഇസ്‍ലാമാബാദ്: മൂന്നുതവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് നാലുവർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തി. ലണ്ടനിൽ നിന്നുള്ള വിമാനം ഇസ്‍ലാമാബാദ് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പാകിസ്താൻ ടെലിവിഷൻ ചാനലുകൾ ശരീഫിന്റെ വിമാനം ഇസ്‍ലാമാബാദ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിെൻറ തത്സമയ ചിത്രങ്ങൾ സംപ്രേഷണം ചെയ്തു. പാർട്ടിയിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമായി 194 പേരും ശരീഫിനൊപ്പം വിമാനത്തിലുണ്ടായിരുന്നു.
പാകിസ്താനിലെത്തിയ ഉടൻ അദ്ദേഹം രാഷ്ട്രീയ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജൻമനാടായ ലാഹോറിൽ നിന്ന് 73കാരനായ ശരീഫ് രാഷ്ട്രീയറാലിക്ക് നേതൃത്വം നൽകും. ചികിത്സയുടെ പേരിൽ 2019ൽ ലണ്ടനിലേക്ക് പോയ നവാസ് ശരീഫ് ഒരിക്കൽ പോലും രാജ്യത്തേക്ക് മടങ്ങിയെത്തിയില്ല.
അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കവെയാണ് അദ്ദേഹം ചികിത്സാവശ്യാർഥം ലണ്ടനിലേക്ക് മുങ്ങിയത്. മടങ്ങിവന്നാൽ ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരും. എന്നാൽ സഹോദരൻ ശഹ്ബാസ് ശരീഫ് പാകിസ്താൻ പ്രധാനമന്ത്രിയായതോടെ സാഹചര്യങ്ങൾ കലങ്ങിത്തെളിഞ്ഞു.