അമേരിക്കയില്‍ നാല് വയസുകാരിയായ മകളെ അമ്മ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പത്തുവയസുകാരനായ മകനെ നാല് വട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒക്ടോബര്‍ 14നാണ് കൊലപാതകം നടന്നത്. 34കാരിയായ മിറ നസാരി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സന അക്രം എന്ന നാല് വയസുകാരിയെയാണ് അമ്മ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കേസ് കോടതി ഒക്ടോബര്‍ 24ന് പരിഗണിക്കും. കൊലപാതകം ചെയ്ത മിറ നസാരിക്ക് വിഷാദ രോഗവും മാനസിക പ്രയാസങ്ങളും ഉണ്ടായിരുന്നതായി ഇവരുടെ കുടുംബ സുഹൃത്ത് പറയുന്നു.
ഒക്ടോബര്‍ 14ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൊഡെസ്റ്റോ പൊലീസിന് കൊലപാതകം സംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിക്കുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തുമ്പോള്‍ മകള്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. തലനാരിഴയ്ക്ക് രക്ഷപെട്ട ഇവരുടെ മകനും ഭര്‍ത്താവിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ പ്രയാസപ്പെടുമെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു.