ഗാസ ജനതയെ കൊല്ലാന്‍ ഇസ്രയേലിന് സൗജന്യ ലൈസന്‍സ് അനുവദിക്കരുതെന്ന് ഖത്തര്‍ അമീര്‍. ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയ ഗാസ മുനമ്പില്‍ ജനങ്ങളെ നിരുപാധികം ഇല്ലാതാക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് പച്ചക്കൊടി കാണിക്കരുതെന്നും ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രായേലിനെ നിയന്ത്രിക്കണമെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു.
ശൂറ കൗണ്‍സിലിന്റെ വാര്‍ഷിക സെഷനില്‍ നടന്ന ഉദ്ഘാടന പ്രസംഗത്തിലാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പ്രതികരണം. ഗാസയെ ഇല്ലാതാക്കുന്നതിനുള്ള പച്ചക്കൊടി ഇസ്രായേലിന് കാണിക്കരുതെന്ന് പറഞ്ഞ അമീര്‍ ഇരുവശത്തും നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള അക്രമത്തെ അപലപിച്ചു.
അതേസമയം ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും പ്രതികരണം നടത്തി. ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രയേലിന്റെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്ന് ഒബാമ പറഞ്ഞു. ഇസ്രയേലിനോടുള്ള പലസ്തീന്‍ ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്‍ നിലനില്‍ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.