കൊച്ചി: തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.
ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു. ഇത്തരത്തിൽ മോശം റിവ്യു പറയുന്നവരെ ഇനി തീയറ്റർ പരിസരത്ത് കയറ്റില്ലെന്നും പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഒന്നാം തിയതി സിനിമ സംഘടനകൾ സംയുക്ത യോഗം ചേരും.