തിരുവനന്തപുരം: മുസ്‍ലിം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യറാലിയെ പ്രശംസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫലസ്തീന് വേണ്ടി ലീഗ് വലിയൊരു ഐക്യപ്രസ്ഥാനം രൂപീകരിച്ചു. സാർവദേശീയ തലത്തിലുള്ള ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ സി.പി.എം സ്വാഗതം ചെയ്യുന്നു. ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ സാമ്രാജ്യത്വ വിരുദ്ധ പ്രകടനമായി കണ്ടാൽ മതിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
റാലിയിലെ മുഖ്യാതിഥി ശശി തരൂർ ഫലസ്തീൻ ചെറുത്ത് നിൽപ് സംഘടനയായ ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചതിലും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ഈ വിഷയത്തിൽ ശശി തരൂർ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും
ഐക്യപ്പെടലുകളെ പരിഹസിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കെ.ടി. ജലീലിന്റെയും എം. സ്വരാജിന്റെയും വിമർശനം തള്ളുന്നതാണ് എം.വി. ഗോവിന്ദന്റെ നിലപാട്.
മുസ്‍ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് പ്രതിഷേധത്തിന് വഴിവെച്ച പരാമർശം ശശി തരൂർ നടത്തിയത്. ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്നായിരുന്നു തരൂരിന്‍റെ പരാമർശം.വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി ശശി തരൂർ എം.പി രംഗത്തെത്തി. ഇസ്രായേ ൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്നും തരൂർ പറഞ്ഞു.ഇസ്രായേൽ അനുകൂല പ്രസംഗമാണ് താൻ നടത്തിയതെന്ന് കേട്ട ആരും വിശ്വസിക്കില്ല. പ്രസംഗത്തിലെ ഒരു വാചകം അടർത്തി മാറ്റി ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും ശശി തരൂർ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.