ന്യൂഡൽഹി ∙ ആഭ്യന്തര, ആഗോള വിപണികൾക്കായി ടാറ്റ ഗ്രൂപ്പ് രണ്ടര വർഷത്തിനുള്ളിൽ ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ നിർമാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി ആൻഡ് ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വർധിച്ചുവരുന്ന ഉൽപാദന വൈദഗ്ധ്യത്തിന് അടിവരയിടുന്നതും കൂടുതലും ചൈനീസ് നിർമിത പുതിയ ഉപകരണങ്ങൾ വിൽക്കുന്ന ആപ്പിളിന്റെ നയത്തിൽനിന്നുള്ള വ്യതിചലനവുമായാണ് നീക്കത്തെ വിലയിരുത്തുന്നത്.
‘ഐടി ആൻഡ് ഇലക്ട്രോണിക്സ് മന്ത്രാലയം ആഗോള ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനികളുടെ വളർച്ചയ്ക്ക് പൂർണ പിന്തുണ നൽകുന്നു. ഇന്ത്യയെ വിശ്വസ്ത ഉൽപാദന പങ്കാളിയാക്കാനും ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് ശക്തിയാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും ആഗ്രഹിക്കുന്ന ആഗോള ഇലക്ട്രോണിക് ബ്രാൻഡുകളെയും ഞങ്ങൾ പിന്തുണയ്ക്കും.’’– രാജീവ് ചന്ദ്രശേഖർ പോസ്റ്റ് ചെയ്തു.
ആപ്പിൾ വിതരണക്കാരായ വിസ്ട്രോൺ കോർപറേഷന്റെ പ്രവർത്തനങ്ങൾ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. വെള്ളിയാഴ്ച നടന്ന ബോർഡ് മീറ്റിങ്ങിൽ ഇതു പ്രഖ്യാപിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽനിന്ന് ഒരു ആഗോള വിതരണ ശൃംഖല കെട്ടിപ്പടുത്തതിന് കേന്ദ്രമന്ത്രി വിസ്‌ട്രോണിന് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള പിഎൽഐ പദ്ധതി ഇതിനകം തന്നെ ഇന്ത്യയെ സ്‌മാർട്ട്‌ഫോൺ നിർമാണത്തിനും കയറ്റുമതിക്കും വിശ്വസനീയവും പ്രധാനവുമായ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.