Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകളമശ്ശേരി സ്‌ഫോടനം: ഇന്റലിജന്‍സ് വീഴ്ചക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ. സുധാകരന്‍

കളമശ്ശേരി സ്‌ഫോടനം: ഇന്റലിജന്‍സ് വീഴ്ചക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനം ഞെട്ടിക്കുന്നതാണെന്നും ആഭ്യന്തര വകുപ്പിന്റെയും ഇന്റലിജന്‍സിന്റെയും ഗുരുതര വീഴ്ചയാണ് സംഭവിച്ചരിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. കേരളം പോലൊരു സംസ്ഥാനത്ത് ബോംബ് കൊണ്ടുവരുകയോ നിര്‍മിക്കുകയോ ചെയ്യാനും അതു നടപ്പാക്കാനും വ്യക്തമായ ആസൂത്രണം ആവശ്യമാണ്. ഇത് കണ്ടെത്തുന്നതില്‍ ഗുരുതരമായ വീഴ്ച ഇന്റലിജന്‍സിനു സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. ആഭ്യന്തര വകുപ്പിന്റെ ജാഗ്രതക്കുറവ് പ്രകടമാണെന്നും സുധാകരൻ വ്യക്തമാക്കി.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്തായി കരുതപ്പെടുന്ന കേരളത്തിന് ഇതു വലിയ കളങ്കമായി. ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും ശക്തമായ അന്വേഷണം നടത്തി ഈ സ്‌ഫോടനത്തിന് പിന്നിലെ ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പിഴവുകളില്ലാതെ സ്വീകരിക്കണം. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണം.

സ്വന്തം സുരക്ഷ അടിക്കടി വർധിപ്പിക്കുന്ന പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് ഓരോ ദിവസവും വ്യക്തമാകുകയാണ്. ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചക്ക് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണം. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെകൂടി പരാജയമാണിത്. ആ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല.

സംസ്ഥാനത്തെ ക്രമസമാധാന പാലനം തകര്‍ന്നിട്ട് ഏഴു വര്‍ഷങ്ങള്‍ പിന്നിടുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ കൂടി നടന്നതോടു കൂടി കേരളം ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയ സംജാതമായിരിക്കുന്നു. നഗരമധ്യത്തില്‍ കുട്ടികളും സ്ത്രീകളും പീഡിക്കപ്പെടുമ്പോള്‍ അതറിയാത്ത പോലീസ് സംവിധാനമാണ് നമ്മുടേത്. പ്രഭാത സവാരിക്കിറങ്ങുന്നവരെയും അക്രമത്തെ കുറിച്ച് പാരതി പറയാനെത്തുന്നവരെയും മര്‍ദിക്കുന്ന പൊലീസാണ് പിണറായി വിജയന്റേത്. നിരപരാധിയായ വയോധികയെ പോലും കള്ളക്കേസില്‍ കുടുക്കുന്ന പിണറായി വിജയന്റെ പൊലീസിന്റെ സെല്‍ഭരണത്തില്‍ കസ്റ്റഡി മരണങ്ങള്‍ തുടര്‍ക്കഥയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സ്‌ഫോടനം നടത്തിയവരുടെ ലക്ഷ്യം മനുഷ്യര്‍ തമ്മില്‍ത്തല്ലി ഒടുങ്ങണമെന്നാണ്. ബോംബിനേക്കാള്‍ മാരകമായ കുപ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടരുതെന്ന് സ്‌നേഹപൂര്‍വ്വം അഭ്യർഥിക്കുന്നു. കറുത്തശക്തികളെ ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാത്തെ ഒരുമിച്ച് നിന്ന് നമുക്ക് ചെറുത്ത് തോല്‍പ്പിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments