സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) തലച്ചോറിലെ ചില വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്.
‘ഞാന്‍ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും.’’–അല്‍ഫോൻസ് പുത്രൻ കുറിച്ചു.
സംഭവം ചർച്ചയായതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പോസ്റ്റ് അൽഫോൻസ് പിന്നീട് നീക്കം ചെയ്തു.പൃഥ്വിരാജും നയൻതാരയും ഒന്നിച്ച ‘ഗോൾഡ്’ ആണ് അൽഫോൻസ് അവസാനം സംവിധാനം ചെയ്ത ചിത്രം.