Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമാസപ്പടിക്കേസ്​: കെ.എസ്.ഐ.ഡി.സിക്കെതിരെയുള്ള എസ്.എഫ്.ഐ.ഒ അന്വേഷണം തുടരട്ടെയെന്ന്​ ഹൈകോടതി ​

മാസപ്പടിക്കേസ്​: കെ.എസ്.ഐ.ഡി.സിക്കെതിരെയുള്ള എസ്.എഫ്.ഐ.ഒ അന്വേഷണം തുടരട്ടെയെന്ന്​ ഹൈകോടതി ​

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ) കേരള വ്യവസായ വികസന കോർപറേഷനെതി​രെ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന അന്വേഷണം തുടരട്ടെയെന്ന്​ ഹൈകോടതി. അന്വേഷണവുമായി കെ.എസ്​.ഐ.ഡി.സി സഹകരിക്കണമെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. 135 കോടിയുടെ ക്രമക്കേട് നടന്ന കേസിൽ അന്വേഷണത്തിന് കെ.എസ്.ഐ.ഡി.സിതന്നെ ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. തങ്ങൾക്കെതിരായ അന്വേഷണം ചോദ്യം ചെയ്​ത്​ കെ.എസ്.ഐ.ഡി.സി നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന പരാതിയിൽ നടക്കുന്ന എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്‍റെ ഭാഗമായി കെ.എസ്.ഐ.ഡി.സിയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്​ ചോദ്യം ചെയ്​താണ്​ ഹരജി. എന്നാൽ, സി.എം.ആർ.എൽ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ തങ്ങളുടെ പ്രതിനിധിയുണ്ടെന്നതിനാൽ സി.എം.ആർ.എൽ നടത്തിയ ഇടപാടുകളെക്കുറിച്ച് കെ.എസ്.ഐ.ഡി.സിയും അറിയേണ്ടതാണെന്നും ഈ സാഹചര്യത്തിൽ അന്വേഷണം നടത്തരുതെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രമക്കേടിൽ സി.എം.ആർ.എല്ലിന്‍റെ വിശദീകരണം കെ.എസ്.ഐ.ഡി.സി തേടിയതുപോലും കോടതിയിൽ ഹരജി നൽകിയ ശേഷമാണ്​. ഫെബ്രുവരി ഏഴിനാണ് വിഷയത്തിൽ ഹൈകോടതിയുടെ ആദ്യ ഉത്തരവുണ്ടാകുന്നത്. കെ.എസ്.ഐ.ഡി.സി വിശദീകരണം തേടിയത് ഫെബ്രുവരി 21 നാണ്. അന്വേഷണം കെ.എസ്.ഐ.ഡി.സിക്ക്​ സഹായകരമാണ്​. ഇതിലൂടെ ഇരയാണെന്ന് ഹരജിക്കാർ തെളിയിക്കുകയാണ്​ വേണ്ടതെന്നും കോടതി പറഞ്ഞു​.

സി.എം.ആർ.എൽ, വീണ വിജയന്‍റെ എക്സാലോജിക് സൊല്യൂഷൻസ്, കെ.എസ്.ഐ.ഡി.സി എന്നിവക്കെതിരെയാണ് അന്വേഷണമെന്ന് എസ്.എഫ്.ഐ.ഒക്ക്​ വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുകയാണ്​ വേണ്ടത്​. അന്വേഷണ ഭാഗമായി കർശന നടപടി സ്വീകരിക്കില്ല. അന്വേഷണശേഷം കേന്ദ്ര സർക്കാറിനാണ്​​ റിപ്പോർട്ട്​ ചെയ്യുന്നതെന്നും എസ്.എഫ്.ഐ.ഒ വിശദീകരിച്ചു. തുടർന്ന്​ ഹരജി വീണ്ടും ഏപ്രിൽ അഞ്ചിന്​ പരിഗണിക്കാൻ മാറ്റി. കെ.എസ്.ഐ.ഡി.സിക്ക്​ വേണ്ടി ഹാജരാകുന്ന സുപ്രീം കോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥന്‍റെ വ്യക്തിപരമായ അസൗകര്യം പരിഗണിച്ചാണ്​ ഹരജി മാറ്റിയത്​. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments