കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ കേരളീയം 2023 പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയിൽ തന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. മലയാള സിനിമയുടെ വളര്‍ച്ച കാണിക്കുന്ന ചിത്രങ്ങളാണ് കേരളീയം മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതര്‍ പറയുമ്പോഴും അതില്‍ നാലര പതിറ്റാണ്ടുകളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തന്‍റെ ഒരു ചിത്രം പോലുമില്ല എന്നത് വിഷമം ഉണ്ടാക്കിയെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു.
കേരളപിറവി ദിനത്തോടനുബന്ധിച്ചാണ് കേരള സര്‍ക്കാര്‍ കേരളീയം മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍ ചലച്ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ വ്യക്തിപരമായി അഭിനന്ദിക്കുമ്പോഴും മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും ആളുകള്‍ ശ്രദ്ധിക്കേണ്ടതാണ്. തിരക്കഥയും സംഭാഷണവുമായി നാലരപതിറ്റാണ്ടുകളായി ഞാന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. എന്നിട്ടും എന്‍റേ ഒരു ചിത്രം പോലും അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നത് പറയാന്‍ സങ്കടമുണ്ട്. ചില സംവിധായകരുടെ രണ്ടു ചിത്രമുണ്ട്. തിയേറ്ററില്‍ വിജയിക്കാത്ത ചിത്രങ്ങള്‍ പോലുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.