Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫോൺ ചോർത്തൽ വിവാദത്തിൽ ആപ്പിളിന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നോട്ടീസ് അയച്ചു

ഫോൺ ചോർത്തൽ വിവാദത്തിൽ ആപ്പിളിന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നോട്ടീസ് അയച്ചു

ഫോൺ ചോർത്തൽ വിവാദത്തിൽ ടെക് ഭീമനായ ആപ്പിളിന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (Indian Computer Emergency Response Team-CERT) നോട്ടീസ് അയച്ചു. ഫോണ്‍ ചോര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി എംപിമാരടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സെക്രട്ടറി എസ് കൃഷ്ണൻ അറിയിച്ചു. അന്വേഷണത്തോട് ആപ്പിള്‍ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ഐഫോണുകൾ ഭരണകൂടം സ്‌പോൺസർ ചെയ്‌ത ആക്രമണകാരികൾ ഹാക്ക് ചെയ്‌തെന്ന് ആരോപിച്ച് ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി നിരവധി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഈ വാദം തള്ളിയെങ്കിലും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇതേക്കുറിച്ച് യഥാർത്ഥവും കൃത്യവുമായ വിവരങ്ങൾ നൽകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും ആപ്പിളിനോട് മന്ത്രി ആവശ്യപ്പെട്ടു.

എന്നാൽ, ഇത് ഏതെങ്കിലും ഭരണകൂടം സ്പോൺസർ ചെയ്യുന്ന ആക്രമണകാരികളല്ലെന്നും സമാനമായ നോട്ടിഫിക്കേഷൻ 150 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ആയിരുന്നു ആപ്പിളിന്‍റെ പ്രതികരണം. “ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഹാക്കർമാർക്ക് ധനസഹായ പിന്തുണയുണ്ടായിരിക്കും. ഇവരുടെ പ്രവർത്തനങ്ങൾ സങ്കീർണവുമായിരിക്കും. സാവധാനം വികസിച്ചു വരുന്നതാണ് അവരുടെ ആക്രമണ രീതി. അത്തരം ആക്രമണങ്ങൾ പലപ്പോഴും കണ്ടെത്തുക ഇന്റലിജൻസ് സിഗ്നലുകളുടെ സഹായത്തോടു കൂടി ആയിരിക്കും. ചില മുന്നറിയിപ്പുകള്‍ തെറ്റാവാൻ സാധ്യതയുണ്ട്. ചില ആക്രമണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്യാം. ഈ നോട്ടിഫിക്കേഷനു പിന്നിലെ യഥാർത്ഥ ഉദ്ദേശ്യത്തക്കുറിച്ച് ഞങ്ങൾ വിശദീകരണം നൽകാൻ ആ​​ഗ്രഹിക്കുന്നില്ല. അത്, ചില സ്റ്റേറ്റ്-സ്പോൺസേർഡ് അക്രമണകാരികളെ ഏതെങ്കിലും വിധത്തിൽ സഹായിച്ചേക്കാം “, ആപ്പിൾ അറിയിച്ചു.

ഐഒഎസ് 16 ഫീച്ചർ പ്രവർത്തനക്ഷമമാക്കിയതിന് ശേഷം, 150-ലധികം രാജ്യങ്ങളിലെ വ്യക്തികൾക്ക് ഭരണകൂടം സ്പോൺസർ ചെയ്യുന്നതെന്ന രീതിയിലുള്ള ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അത് പല മാധ്യമങ്ങളും പറയുന്നതു പോലെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉയർന്നു വന്നതല്ലെന്നും ആപ്പിൾ പറയുന്നു.കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മെഹുവാ മൊയ്ത്ര, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, സുപ്രിയ ഷിനത്രേ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ഈ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി പറഞ്ഞിരുന്നു. ഇവർ ഇതിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. “നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ സെൻസിറ്റീവ് ഡാറ്റ, ആശയവിനിമയങ്ങൾ, ക്യാമറ, മൈക്രോഫോൺ എന്നിവ പോലും വിദൂരമായി ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കും. ഇതൊരു തെറ്റായ മുന്നറിയിപ്പാകാൻ സാധ്യതയുണ്ടെങ്കിലും, ദയവായി ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കുക ”, എന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments