പത്തനംതിട്ട: സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദാരിദ്ര്യം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാനിട്ട പട്ട് കോണകമാണ് കേരളീയമെന്ന് സതീശന്‍ പരിഹസിച്ചു. കേരളീയം പരിപാടി വന്‍ ധൂർത്താണെന്ന് വിമര്‍ശിച്ച സതീശന്‍ പുതിയ തലമുറ സർക്കാരിനെതിരെയാണെന്നും കുറ്റപ്പെടുത്തി. സർക്കാർ ധവളപത്രം ഇറക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനം കേരളീയം പരിപാടി നടത്തി ധൂർത്ത് നടത്തുന്നുവെന്ന ആരോപണം ധനമന്ത്രി കെഎൻ ബാലഗോപാൽ നിഷേധിച്ചു. കേരളീയം ധൂർത്തല്ല. ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്നതാണെന്നും കേരളത്തിന് വേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ വളർച്ചയെയും നേട്ടത്തെയും ലോകത്തിന് മുന്നിൽ കാണിക്കേണ്ടതുണ്ട്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നിൽ ബ്രാന്റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.