രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ മഹാരാഷ്ട്രയിലെ പര്യടനം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭമാക്കി മാറ്റാന്‍ കോണ്‍ഗ്രസ്. പ്രതിഷേധത്തിന്‍റെ ഭാഗമായി ജാഥയില്‍ അണിനിരക്കാന്‍ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചു. ഇന്ന് വൈകിട്ടാണ് യാത്ര മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയില്‍ പ്രവേശിക്കുക.
പൗരത്വഭേദഗതിയില്‍ ഭരണപക്ഷവുമായി പുതിയ പോര്‍മുഖം തുറക്കുകയാണ് കോണ്‍ഗ്രസ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ അവസാനഘട്ടത്തില്‍ ഇത് ഒരു പ്രക്ഷോഭമായി പാര്‍ട്ടി ഏറ്റെടുക്കും. പ്രതിപക്ഷ സ്വരങ്ങളെ ഒന്നിപ്പിക്കുന്ന വേദിയായി രാഹുല്‍ ഗാന്ധിയുടെ യാത്രയെ മാറ്റുകയാണ് ലക്ഷ്യം. ഭേദഗതിയെ ശക്തമായി എതിര്‍ക്കുന്ന മമത ബാനര്‍ജിയെ കോണ്‍ഗ്രസ് ജാഥയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗാളില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചെങ്കിലും ഈ പ്രക്ഷോഭത്തില്‍ മമത ഇന്ത്യ മുന്നണിക്ക് ഒപ്പം നില്‍ക്കും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധ്രുവീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജയറാം രമേശ്.
സംസ്ഥാനത്തെ ആറു ദിവസം നീളുന്ന യാത്ര വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയില്‍ നിന്നാണ് ആരംഭിക്കുന്നത്. ആദിവാസി, ഗോത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കാണുന്ന രാഹുല്‍ ഗാന്ധി വിവിധ റോഡ് ഷോകളില്‍ പങ്കെടുക്കും. മുംബൈ ശിവാജി പാര്‍ക്കിലെ മെഗാ റാലിയോടെ 17നാണ് ജാഥയുടെ സമാപനം. ഇന്ത്യാ മുന്നണിയിലെ മുഴുവന്‍ നേതാക്കളെയും പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പിന് മുന്‍പുള്ള ശക്തിപ്രകടനമാണ് റാലിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.