റിയാദ് ∙ ഗാസയിൽ ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവനയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രസ്താവന നടത്തിയ മന്ത്രിയെ ഉടനടി പുറത്താക്കുന്നതിന് പകരം അംഗത്വം മരവിപ്പിക്കുക മാത്രം ചെയ്തത് മാനുഷികവും സാംസ്‌കാരികവുമായ രാജ്യാന്തര നിയമങ്ങളെ ഇസ്രയിൽ ലംഘിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇസ്രയേൽ സർക്കാരിൽ ആഴത്തിൽ വേരൂന്നിയ ഭീകരവാദവും കാടത്തവും വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന.
രാജ്യാന്തര നിയമങ്ങളെ കാറ്റിൽ പറത്തുകയാണ് ഇസ്രയേൽ ചെയ്യുന്നതെന്നും സൗദി അഭിപ്രായപ്പെട്ടു. മന്ത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസ മുനമ്പിൽ ആണവായുധം വർഷിക്കുന്നത് ഇസ്രയേലിന് മുന്നിലുള്ള ഒരു മാർഗമാണെന്ന് ഇസ്രയേൽ മന്ത്രി ഇന്നലെ ഒരു റേഡിയോ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.