പട്ന∙ ജാതി സംവരണം 65 ശതമാനമാക്കാനുള്ള ബിൽ ബിഹാർ നിയമസഭ ഏകകണ്ഠമായി പാസാക്കി. ജാതി സർവേയുടെ അടിസ്ഥാനത്തിൽ ബിഹാറിൽ സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ജാതി സംവരണം 50 ശതമാനത്തിൽനിന്നു 65 ശതമാനമായി ഉയർത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിൽ ബിഹാർ നിയമസഭ പാസാക്കിയത്. ബിൽ നിയമമാകുന്നതിനു ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിടണം .
സാമ്പത്തിക സംവരണത്തിന്റെ 10% കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75% ആയി ഉയരും. ജാതി സർവേയെ അടിസ്ഥാനമാക്കി സംവരണം കൂട്ടുന്നതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക പിന്നാക്ക സമുദായങ്ങൾക്കാണ്. ഒബിസി–ഇബിസി വിഭാഗത്തിലുള്ളവർക്കു സംവരണം നിലവിലുള്ള 30 ശതമാനത്തിൽനിന്നു 43 ശതമാനമായി ഉയരും. പട്ടിക ജാതി സംവരണം 18 ശതമാനത്തിൽനിന്ന് 20 ശതമാനമായും പട്ടിക വർഗ സംവരണം ഒരു ശതമാനത്തിൽനിന്നു രണ്ടു ശതമാനമായും വർധിക്കും. ബിഹാറിൽ പിന്നാക്ക സമുദായ ജനസംഖ്യ 60%, മുന്നാക്ക സമുദായ ജനസംഖ്യ 10% എന്നിങ്ങനെയാണ് ജാതി സർവേയിൽ കണ്ടെത്തിയത്.