Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജയിലിൽ രാജാവായി കൊടി സുനി; ജോലി ചെയ്യാതെ 4000 രൂപ, ഇഷ്ട ഭക്ഷണം, മദ്യം, ഫോൺ

ജയിലിൽ രാജാവായി കൊടി സുനി; ജോലി ചെയ്യാതെ 4000 രൂപ, ഇഷ്ട ഭക്ഷണം, മദ്യം, ഫോൺ

തിരുവനന്തപുരം∙ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ അക്രമമുണ്ടാക്കിയ കൊടി സുനിക്ക് ജയിൽ സ്വന്തം വീടുപോലെ. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടപ്പെട്ടവനായതിനാൽ ജയിലിനുള്ളിൽ കിരീടമില്ലാത്ത രാജാവാണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാം പ്രതിയായ എന്‍.കെ സുനില്‍ കുമാർ‌ എന്ന സുനി. സെല്ലിൽ മൊബൈൽ ഉപയോഗിക്കാം. ഇഷ്ടമുള്ള ആഹാരവും മദ്യവും ജയിലിനുള്ളിലെത്തും. പുറത്തെ ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ച് മാസംതോറും ലക്ഷങ്ങൾ സമ്പാദിക്കുന്നതായാണ് ജയിൽ അധികൃതരുടെ കണ്ടെത്തൽ. സ്വർണക്കടത്തും ഭൂമി ഇടപാടുകളുമാണ് കൂടുതലും. ഫോണിന്റെ ചാർജ് തീരുമ്പോൾ ചാർജ് ചെയ്ത ബാറ്ററികൾ സുനിയുടെ സെല്ലിലെത്തും. കണ്ണൂരിലെ ജയിലിലാണെങ്കിൽ സ്വാതന്ത്ര്യം കൂടും. ടിപി കേസിലെ പ്രതികളെല്ലാം അടുത്തടുത്ത സെല്ലുകളിലെത്തും.

ഏതു ജയിലിലേക്കു മാറ്റിയാലും കൊടി സുനിക്ക് ഉപയോഗിക്കാൻ ഫോൺ ലഭിക്കും. ജോലി ചെയ്യാതെ ജയിലിൽ ശമ്പളവും അനുവദിക്കും. പരോൾ യഥേഷ്ടം. ജയിൽ ഉദ്യോഗസ്ഥരിൽ ചിലരുടെ സഹായമാണ് സൗകര്യങ്ങൾ ലഭിക്കാൻ കാരണം. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ പോലും കൊടി സുനി പരമാവധി സൗകര്യങ്ങൾ അനുഭവിച്ചു. അവിടെ സഹ തടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെ ഇന്നലെ സുനിയെ തവനൂരിലെ ജയിലിലേക്കു മാറ്റി. വിയ്യൂരിൽനിന്നു മാറ്റണമെന്ന് സുനി ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. ഇതിനായാണ് കലാപമുണ്ടാക്കിയതെന്നും അധികൃതർ

സുനിക്കും സംഘത്തിനും ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാൽ പരോളിൽ ഇളവ് ലഭിക്കാറുണ്ട്. പരോളിനിടയിലാണ് ടിപി കേസിലെ രണ്ടാം പ്രതി കിർമാണി മനോജിനെ ലഹരിപാർട്ടി നടത്തിയതിനു പിടികൂടിയത്. ടിപി കേസിലെ പ്രതികൾ പരോളിലിറങ്ങി ക്രിമിനൽ കേസുകളിലും ഗൂഢാലോചനയിലും ഉൾപ്പെട്ട സംഭവങ്ങൾ ആവർത്തിച്ചിട്ടും പ്രതികൾക്കെല്ലാം പരമാവധി പരോൾ നൽകി. ടിപി കേസിലെ പ്രതികൾക്കു ലഭിച്ച പരോൾ: അനൂപ്–175 ദിവസം, മനോജ്–180, സിജിത്ത്–255, റഫീഖ്–170, മനോജൻ–257, കെ.സി.രാമചന്ദ്രൻ–291, കുഞ്ഞനന്തൻ–327, ഷാഫി–180, ഷിനോജ്–150, രജീഷ്–160, സുനിൽകുമാർ–60. കൊടി സുനി ഒഴികെ മറ്റുള്ളവർക്കെല്ലാം 2020ൽ അനുവദിച്ച സ്പെഷൽ കൊറോണ അവധി 290 ദിവസം ലഭിച്ചു.

ജയിൽ ചട്ടങ്ങൾ അനുസരിച്ച് പതിവ് കുറ്റവാളികൾ, ഇന്ത്യൻ ശിക്ഷാ നിയമം 392 മുതൽ 402 വരെയുള്ള വകുപ്പിനു ശിക്ഷിച്ചവർ, ബലാൽസംഗക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവർ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, അപകടകാരികളായ തടവുകാർ, ഗുരുതരമായ ജയിൽ നിയമലംഘനങ്ങളുള്ളവർ, മാനസിക പ്രശ്നമുള്ളതും പകർച്ച വ്യാധിയുള്ളതുമായ തടവുകാർ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ എന്നിവർക്കൊഴികെ പരോൾ അനുവദിക്കാം. ടിപി കേസിലെ പ്രതികൾക്ക് ഇതൊന്നും ബാധകമല്ല. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തിനു തലേന്നും പ‍ിറ്റേന്നുമായി പരോളിൽ ജയിലിനു പുറത്തുണ്ടായിരുന്നതു ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നു കുറ്റവാളികളായിരുന്നു.

കൊലപാതകം നടന്ന 12 നു ടിപി കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് പരോളിലായിരുന്നു. മൂന്നാം പ്രതി കൊടി സുനി പരോളിനു ശേഷം ജയിലിൽ തിരിച്ചെത്തുന്നതു 12നു വൈകിട്ട്. ഒന്നാംപ്രതി എം.സി.അനൂപ് പിറ്റേന്നു രാവിലെ പരോളിൽ പുറത്തിറങ്ങുകയും ചെയ്തു. ടിപി കേസിലെ കുറ്റവാളികൾക്ക് ഒരേസമയം പരോൾ അനുവദിക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും സുനിക്കും കിർമാണിക്കും പരോൾ ലഭിച്ചത് ഒരേസമയം. 12നു രാത്രി 11.30ന് ആണു ഷുഹൈബ് കണ്ണൂരിൽ ആക്രമിക്കപ്പെടുന്നത്. ഇതേദിവസം വൈകിട്ടു നാലുമണി വരെ കൊടി സുനി പരോളിലായിരുന്നു. കൊടി സുനിക്കും സംഘത്തിനും പൊലീസ് കാവലില്ലാതെയും സ്വാഭാവിക പരോൾ ലഭിച്ചു. സുനിക്കു 15 ദിവസവും കിർമാണിക്കു 30 ദിവസവുമാണ് പരോൾ ലഭിച്ചത്.

ഒരു പരോളിനു ശേഷം രണ്ടുമാസം പിന്നിട്ടപ്പോഴേക്കും വീണ്ടും സുനിക്കു പരോൾ അനുവദിച്ചു. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുറ്റവാളികളുടെ കാര്യത്തിൽ പൊലീസ് റിപ്പോർട്ട് തേടിയ ശേഷം മാത്രമേ പരോൾ അനുവദിക്കാൻ പാടുള്ളൂ എന്നു നിയമമുണ്ടെങ്കിലും സുനിയുടെ കാര്യത്തിൽ ഇതൊന്നും നടപ്പാകാറില്ല. 2019 ൽ പരോളിനിടെ, കൈതേരി സ്വദേശിയായ യുവാവിനെ വയനാട്ടിലെ റിസോർട്ടിൽ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കൊടി സുനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരോളിലിറങ്ങി അറസ്റ്റിലായ സുനിക്കു വിയ്യൂർ സെൻട്രൽ ജയിലിൽ വലിയ സൗകര്യങ്ങളാണ് നൽകിയത്. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള ഫോൺ സൗകര്യം നൽകി. പച്ചക്കറിത്തോട്ടത്തിൽ പണിക്ക് ഇറങ്ങിയെന്ന വകയിൽ ഓരോ മാസവും 3000 മുതൽ 4000 വരെ രൂപ വരുമാനം ലഭിച്ചു. പക്ഷേ ഒരു ദിവസംപോലും ജോലി ചെയ്തിട്ടില്ല.

വിയ്യൂർ ജയിലിൽ വച്ചു കൊടി സുനിയുടെ കയ്യിൽനിന്നു മൊബൈൽ ഫോൺ പിടിച്ചിരുന്നു. പക്ഷേ അതിൽനിന്നു വിളിച്ചവരുടെ വിശദാംശം ജയിൽ ഉദ്യോഗസ്ഥർ ശേഖരിച്ചില്ല. 2023 ഓഗസ്റ്റിൽ കൊടി സുനിയെയും എം.സി.അനൂപിനെയും വിലങ്ങ് വയ്ക്കാതെ പൊലീസുകാർ ട്രെയിനിൽ കൊണ്ടുപോകുന്ന ദൃശ്യം പുറത്തു വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments