ഗാസ സിറ്റി: ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11078 ആയി. കൊല്ലപ്പെട്ടവരില്‍ 4506 കുട്ടികളും ഉള്‍പ്പെടുന്നു. ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്. ഗാസ ഭൂമിയിലെ നരകമായെന്ന് യുഎൻ വക്താവ് പറഞ്ഞു. ഗാസയിലെ അൽ ശിഫ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത് അഞ്ച് ആക്രമണങ്ങളാണ്. പ്രവേശന കവാടത്തിൽ ഉഗ്ര സ്ഫോടനം നടന്നു.
40000 ലധികം പേരാണ് അൽ ശിഫയിൽ അഭയം തേടിയിരിക്കുന്നത്. അൽ ഖുദ്സ് ആശുപത്രിയിൽ ഐസിയുവിന് നേരെ ആക്രമണമുണ്ടായി. 12 ആശുപത്രികൾ ഒഴിയണമെന്നാണ് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. കരയാക്രമണം ശക്തമാക്കിയ ഇസ്രയേൽ ആശുപത്രിക്ക് സമീപം ഇസ്രയേൽ ടാങ്കുകൾ നിലയുറപ്പിച്ചിരിക്കുകയാണ്. ഗാസയിലെ ആരോഗ്യ സംവിധാനം പൂർണമായും തകർന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തതെന്ന് ഇസ്രയേൽ അറിയിച്ചു. 27 490 പേർക്ക് ആക്രമണങ്ങളിൽ ഇതുവരെ പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ 44 കുട്ടികൾ ഉൾപ്പടെ 183 പേർ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിൽ മരണസംഖ്യ 12500 കടന്നു. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് യുഎൻ വക്താവ് ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ വേണമെന്ന് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു