ആലപ്പുഴ: ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തതില്‍ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ടാണ് കർഷകന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കർഷകരെ രക്ഷിക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. സംഭരിച്ച നെല്ലിന്റെ വില കിട്ടാത്ത അവസ്ഥ. പിആർഎസ് ലോൺ അനുവദിച്ചാൽ മറ്റൊരു ലോണും കിട്ടാത്ത അവസ്ഥയാണ്.
പിണറായി സർക്കാരിൻ്റെ തെറ്റായ നയത്തിൻ്റെ രക്തസാക്ഷിയാണ് മരിച്ച കർഷകനെന്ന് ചെന്നിത്തല ആരോപിച്ചു. ഇനിയും കർഷക ആത്മഹത്യകൾ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. ഭക്ഷ്യമന്ത്രി ജി ആർ അനിലിൻ്റെ വാദങ്ങൾ ഒട്ടും ശരിയല്ല. അദ്ദേഹം വസ്തുതകൾ വള്ളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. നെല്ല് കൊടുത്താൽ പോലും പണം കിട്ടുന്നില്ല. കിട്ടിയ പണം എന്നുപറയുന്നത് ലോണാണ്. കർഷകന്റെ പേരിലാണ് സർക്കാർ ലോണെടുക്കുന്നത്. ആ പിആർഎസ് വായ്പകൾ സർക്കാർ കൃതൃമായി അടയ്ക്കാത്തതുകൊണ്ട് കര്‍ഷകരുടെ പേരില്‍ നോട്ടീസ് വരുന്നു. മറ്റു ലോണുകള്‍ കര്‍ഷകര്‍ക്ക് കിട്ടാതെ വരുന്നു. അങ്ങനെ സംഭവിക്കുമ്പോൾ കാര്‍ഷിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടാകുന്നുവെന്നും ചെന്നിത്തല വിമർശിച്ചു. ആത്മഹത്യ ചെയ്ത കർഷകൻ തന്നെ പറഞ്ഞിട്ടുണ്ട് മറ്റു ലോണുകൾ ലഭിക്കുന്നില്ലെന്ന്. അതുമൂലം കൃഷിപ്പണി ചെയ്യാൻ കഴിയുന്നില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇവിടെ ഒരു ഭരണമുണ്ടോ, സർക്കാരുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സർക്കാരിന് ധൂർത്തിലും മാമാങ്കം നടത്തുന്നതിലുമാണ് താല്പര്യം. പാവപ്പെട്ട കർഷകരെ സംരക്ഷിക്കാനോ കൊടുത്ത നെല്ലിന് പണം കൊടുക്കാനോ കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. മന്ത്രി ന്യായീകരിച്ചത് ഒട്ടും ശരിയായില്ല. വസ്തുതകൾ മനസിലാക്കാതെയാണ് മന്ത്രി വാദങ്ങൾ ഉന്നയിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോഴും പണം കിട്ടാത്ത ധാരാളം കർഷകരുണ്ട്. ഈ മരണത്തിന് ഉത്തരവാദി സർക്കാരാണ്. സർക്കാർ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാരിൻ്റെ കയ്യില്‍ പണമില്ല. പക്ഷേ ധൂർത്ത് നടത്താൻ പണമുണ്ടല്ലോ. അനാവശ്യമായ ധൂർത്താണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
കേരളീയം പദ്ധതിയുടെ പേരിൽ നടത്തിയ ധൂർത്ത് അവസാനിക്കുന്നതിന് മുമ്പ് വീണ്ടും നവകേരള സദസ്സ് നടത്താൻ പോവുകയാണ്. അതിനായി പഞ്ചായത്തുകൾ, സഹകരണ സംഘങ്ങളോടും പണം കൊടുക്കാൻ പറയുന്നു. സ്വകാര്യ ആളുകളെ കാണുന്നു. വ്യാപകമായ പിരിവ് നടത്തുന്നു. സർക്കാർ മിഷനറി ദുരുപയോഗപ്പെടുത്തുകയാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഖജനാവിൽ പണമില്ലെങ്കിൽ ആ പണം കണ്ടെത്താനുള്ള വരുമാന മാർഗമാണ് കണ്ടെത്തേണ്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.