തിരുവനന്തപുരം: ആപ് ഉപയോഗിച്ചുള്ള വ്യാജ ഐഡി കാർഡ് നിർമ്മാണം സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ അന്വേഷിക്കണമെന്ന് ഡിജിപിക്ക് നിർദേശം നൽകിയെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎസ് വ്യക്തമാക്കി.
ഉടൻ നടപടി എടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണ്. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വിഷയം ഉന്നയിക്കും. നിലവിലുള്ള പ്രിൻ്റിംഗ് ഹൈ സെക്യൂരിറ്റി ആണ്. അത് വ്യാജമായി ഉണ്ടാക്കാനാവില്ല. വാർത്തയിൽ വന്നത് പഴയ കാർഡാണ്, എങ്ങനെയാണ് അത് ചെയ്തത് എന്ന് അറിയില്ലെന്നും സഞ്ജയ് കൗൾ പറഞ്ഞു. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോ എന്നത് തൻ്റെ പരിധിയിൽ അല്ലെന്ന് വ്യക്തമാക്കിയ സഞ്ജയ് കൗൾ വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
സിആർ കാർഡെന്ന ഈ ആപ്ലിക്കേഷനിലൂടെയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേൽവിലാസവും ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ 5 മിനിറ്റിനകം യഥാർത്ഥ തിരിച്ചറിയൽ കാർഡിനെ വെല്ലുന്ന രീതിയില്‍ വ്യാജ കാർഡ് റെഡിയാകും.
ഇത് പിവിസി കാർഡിൽ പ്രിൻറ് എടുക്കാനും സാധിക്കും. ഇതേ മാതൃകയിൽ ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയെന്നാണ് കേരളത്തിലെ ചില യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയത്. ഇത്തരം കാർഡുകൾ ഉപയോഗിച്ച് പലരും വോട്ട് രേഖപ്പെടുത്തി എന്നും പരാതിയിൽ ആരോപിക്കുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ആർ കമ്പനിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നും പരാതിക്കാർ പറയുന്നുണ്ട്.