കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആലയിൽ കെട്ടാനുള്ള പശുവല്ല മുസ്ലീം ലീഗ് എന്ന് മുതിര്‍ന്ന ലീഗ് നേതാവ് എം.കെ. മുനീർ. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ല. മുസ്ലീം ലീഗ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും എം.കെ. മുനീർ പറഞ്ഞു. മുസ്ലീം ലീഗിനെ പിന്തുണച്ചുകൊണ്ടുള്ള എല്‍ഡിഎഫ് നേതാക്കളുടെ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ഉള്‍പ്പെടെ സിപിഎം ലീഗിനെ ക്ഷണിച്ചത് യുഡിഎഫില്‍ വലിയരീതിയിലുള്ള എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. ഏറ്റവും ഒടുവിലായി കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മലപ്പുറത്തെ ലീഗ് എം.എല്‍.എയെ നാമനിര്‍ദേശം ചെയ്ത നടപടിയും വിവാദമായി. മുസ്ലീം ലീഗ് എല്‍ഡിഎഫിലേക്ക് പോകുമെന്ന ചര്‍ച്ചകളും ഇതിനിടയില്‍ സജീവമായിരുന്നു. പലകാര്യങ്ങളിലായി ലീഗിന് അനുകൂലമായുള്ള സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും തീരുമാനങ്ങള്‍ യുഡിഎഫില്‍ പ്രശ്നങ്ങള്‍ക്കിടയാക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി എം.കെ. മുനീര്‍ രംഗത്തെത്തിയത്.
ഇതിനിടെ, കേരള ബാങ്കില്‍ മുസ്ലീം ലീഗ് നേതാവ് പി .അബ്ദുള്‍ ഹമീദ് എം.എല്‍.എയെ ഡയരക്ടറാക്കിയതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്തെത്തി.മുസ്ലീം ലീഗ് രാഷ്ട്രീയ ഔചിത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ്. ആ പാരമ്പര്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് അവര്‍ക്ക് അറിയാം. ഈ വിഷയത്തിലും യുക്തമായ തീരുമാനം ലീഗ് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വി.എം. സുധീരന്‍ കോഴിക്കോട് പറഞ്ഞു.