കൊച്ചി: നവകേരള യാത്രക്കായി സ്കൂൾ ബസുകൾ വിട്ടുകൊടുക്കാനുള്ള ഉത്തരവിന് ഹൈകോടതി വിലക്ക്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് കോടതി തടഞ്ഞത്.
ഇത്തരം തീരുമാനം എടുക്കുമ്പോൾ കോടതിയുടെ മുൻകൂർ അനുമതി തേടണമെന്നും കോടതിയുടെ നിർദേശ പ്രകാരമേ നടപടി സ്വീകരിക്കാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശിച്ചു. കാസർകോട് സ്വദേശി ഫിലിപ്പ് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ നടപടി.
തന്റെ മകളടക്കമുള്ള വിദ്യാർഥികൾ സ്കൂൾ ബസ് ആണ് ഉപയോഗിക്കുന്നതെന്നും പ്രവൃത്തി ദിവസം ബസ് വിട്ടുനൽകുന്നത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. മോട്ടോർ വാഹന ചട്ടങ്ങളും പെർമിറ്റുകളും പ്രകാരം സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്ടെന്നും ഇത് ലംഘിച്ചാണ് പൊതുവിദ്യഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഹരജിക്കാരൻ വാദിച്ചു.
നവകേരള യാത്രയുമായി ബന്ധപ്പെട്ട പരിപാടികളിൽ ജനങ്ങളെ എത്തിക്കുന്നതിന് സ്കൂൾ ബസുകൾ വിട്ടുകൊടുക്കാനായിരുന്നു പൊതുവിദ്യഭ്യാസ ഡയറക്ടറുടെ നിർദേശം. സംഘാടക സമിതികൾ ആവശ്യപ്പെട്ടാൽ ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കി സ്കൂൾ ബസുകൾ നൽകാവുന്നതാണെന്നായിരുന്നു ആദ്യം ഇറക്കിയ സർക്കുലറിൽ നിർദേശിച്ചത്. പ്രതിഷേധം ഉയർന്നതോടെ കുട്ടികളുടെ യാത്രക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാമെന്ന പുതിയ വ്യവസ്ഥ കൂടി ഉള്പ്പെടുത്തി സർക്കുലർ പുതുക്കുകയായിരുന്നു.
പ്രഥമാധ്യാപകർക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസർമാർ മുഖേനെയാണ് അറിയിപ്പ് നൽകിയത്. സ്കൂൾ വാഹനങ്ങൾ നവകേരള സദസ്സിന് വിട്ടുകൊടുക്കാനുള്ള നിർദേശത്തിനെതിരെ അധ്യാപക, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നവകേരള സദസ്സിൽ കാഴ്ചക്കാരെ കൂട്ടാൻ സ്കൂൾ ബസുകൾ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സ്കൂൾ അധികൃതർക്ക് ബാധ്യതയില്ലെന്നാണ് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടത്. സർക്കാർ ഉത്തവ് പിൻവലിക്കണമെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടു.