ന്യൂഡൽഹി: ഉബർ യാത്രയ്ക്ക് 100 രൂപ അധികമായി ഈടാക്കിയതിനെ തുടർന്ന് പരാതി നൽകാനായി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചയാൾക്ക് ഓൺലൈൻ തട്ടിപ്പിൽ ലക്ഷം രൂപ നഷ്ടപ്പെട്ടു. പ്രദീപ് ചൗധരി എന്നയാൾക്കാണ് പണം നക്ഷ്ടമായത്.ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ താമസിക്കുന്ന പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് ഉബർ ക്യാബ് ബുക്ക് ചെയ്തു. യാത്രയുടെ ചെലവായി ഉബർ ആപ്പിൽ കാണിച്ച നിരക്ക് 205 രൂപയായിരുന്നു. എന്നാൽ യാത്രക്ക് ശേഷം 318 രൂപ ഈടാക്കിയതിനെ തുടർന്ന് ചൗധരി അധികമായി ഈടാക്കിയ പണം തിരികെ ലഭിക്കുന്നതിനായി കസ്റ്റമർ കെയറിൽ പരാതി നൽകാൻ തീരുമാനിച്ചു.
ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു. കോൾ എടുത്തത് രാകേഷ് മിശ്രയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ്. ചൗധരിയുടെ പരാതി കേട്ട ശേഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘റസ്റ്റ് ഡെസ്ക് ആപ്പ്’ ഡൗൺലോഡ് ചെയ്യാൻ ഇയാൾ ആവശ്യപ്പെട്ടു. പിന്നീട് റീഫണ്ടിനായി പേടിഎം ആപ്പ് തുറന്ന് ‘rfnd 112’ എന്ന സന്ദേശം അയക്കാനായി ആവശ്യപ്പെട്ടു.മൊബൈൽ നമ്പർ ചോദിച്ചപ്പോൾ കസ്റ്റമർ കെയർ ഏജന്‍റിന്‍റെ ഇടപെടലിൽ സംശയം തോന്നി ചൗധരി ചോദ്യം ചെയ്തെങ്കിലും അക്കൗണ്ട് വെരിഫിക്കേഷനാണെന്നായിരുന്നു മറുപടി ലഭിച്ചത്.
അയാൾ പറഞ്ഞ നിർദ്ദേശങ്ങൾക്കനുസരിച്ച് ചൗധരി കാര്യങ്ങൾ ചെയ്തതോടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആദ്യം 83,760 രൂപ അതുൽ കുമാർ എന്ന പേരിലുള്ള ഒരു അക്കൗണ്ടിലേക്ക് പോയി.പിന്നീട് നാല് ലക്ഷം രൂപ, 20,012 രൂപ, 49,101 രൂപ എന്നിങ്ങനെയുള്ള നാല് ഇടപാടുകൾ കൂടി നടന്നു. ഇതോടെ തട്ടിപ്പിനിരയായെന്ന് മനസ്സിലായ പ്രദീപ് ചൗധരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.