പാലക്കാട്: നവ കേരള സദസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. സര്‍ക്കാരിന്റെ പണി ഇതല്ല. ഭരണപക്ഷത്തിന്റെ അജണ്ട നടപ്പാക്കാനുള്ള വേദി മാത്രമായി നവകേരള സദസ്സ് മാറിയെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു.’ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നുണ്ടോ എന്നതാണ് പ്രധാനം. ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി കണ്ടതല്ലേ. ബസില്‍ കയറി നടന്നിട്ട് കേമത്തം കാണിച്ചിട്ട് കാര്യമില്ല.’ ശശി തരൂര്‍ പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതത്തേക്കുറിച്ച് പറയാന്‍ ആണ് പോകുന്നത്. തന്റെ സാന്നിധ്യത്തിന് പ്രത്യേക പ്രാധാന്യം കൊടുക്കേണ്ട കാര്യം ഇല്ല. ലീഗ് വേദിയില്‍ മാത്രമല്ല നേരത്തെയും ഇക്കാര്യത്തിലെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി തരൂര്‍ എംപി പറഞ്ഞു.ഇന്ന് വൈകുന്നേരം കോഴിക്കോട് വെച്ചാണ് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി. അരലക്ഷം പേര്‍ പങ്കെടുക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. നവകേരള സദസിന്റെ വേദിയില്‍ നിന്ന് 50 മീറ്റര്‍ മാറി താല്‍ക്കാലിക വേദി കെട്ടിയാണ് കോണ്‍ഗ്രസ് പരിപാടി നടത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സമാധാനപരമായി പരിപാടിയില്‍ പങ്കെടുക്കാന്‍ അണികള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.