തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം ഡോക്ടർ സ്വകാര്യ മെഡിക്കൽ സ്റ്റോറുമായി ചേർന്ന് ഓപ്പറേഷനും മരുന്നിനുമായി അമിത പണം ഈടാക്കുന്നതായി പരാതി. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരായ രോഗികളുടെ കൂട്ടിരിപ്പുകാരും കോൺഗ്രസ് പ്രവർത്തകരും ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവെച്ചു. ആശുപത്രിയിലെ ഓർത്തോ സർജൻ ഡോക്ടർ ടി.എം. സെബാസ്റ്റ്യന് എതിരെയാണ് ആരോപണം.
ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികളിൽ നിന്നും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഇംപ്ളാന്റുകൾ വാങ്ങുന്നതിലും മരുന്നുകൾ വാങ്ങുന്നതിലും മെഡിക്കൽ സ്റ്റോർ ഉടമകളുമായി ഒത്തുകളിച്ച് അമിതതുക ഈടാക്കുകയാണെണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ രോഗികൾക്ക് ലഭിക്കാറില്ല. ഇതിന്‍റെ മറപിടിച്ച് ഡോക്ടർ സെബാസ്റ്റ്യൻ ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായ പരാതിയാണ് ഉയർന്നിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലേതിന് സമാനമായ തുക ശസ്ത്രക്രിയക്കായി ചെലവഴിക്കേണ്ടി വന്നതായാണ് രോഗികളും കൂട്ടിരിപ്പുകാരും പരാതി പറയുന്നത്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന രണ്ട് രോഗികൾ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സംഭവറിഞ്ഞ് എത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ഡോക്ടർ സെബാസ്റ്റ്യനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിജു ബി. നെൽസനെ തടഞ്ഞുവെക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ ജയകുമാർ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അൻസിൽ അസീസ്, വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നേതാക്കളായ കാഞ്ചന എം.കെ, ജിബിൻ കാലായിൽ, ജിവിൻ പുളിമ്പള്ളിൽ, രാജേഷ് മലയിൽ, രാജൻ തോമസ്, ജിബിൻ തൈക്കകത്ത്, ടോണി ഇട്ടി, അഡ്വ. രേഷ്മ രാജേശ്വരി, ജെയ്സൺ പടിയറ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. ആശുപത്രി അധികൃതരുടെ അറിവോടെയല്ല ഇത്തരം ഇടപാടുകൾ നടന്നതെന്ന് സൂപ്രണ്ട് ഡോ. ബിജു ബി. നെൽസൺ പറഞ്ഞു.