ന്യൂഡൽഹി: ഉത്തർപ്രദേശിനെ പോലെ ഹലാൽ സർട്ടിഫിക്കേഷനിലുള്ള ഉൽപ്പന്നങ്ങളുടെ സംസ്കരണവും വിതരണവും വിൽപനയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതി.”കേന്ദ്രസർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ആണ് ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രാധിഷ്ഠിത മാനദണ്ഡങ്ങൾ പരിശോധിക്കാനായി ഏൽപ്പിച്ചിരിക്കുന്ന ഏക ഏജൻസി. ഹലാൽ സർട്ടിഫിക്കേഷനിലുള്ള ഉൽപ്പന്നങ്ങളുടെ സംഭരണവും വിതരണവും വിൽപനയും കയറ്റുമതിയും ഇറാക്കുമയിയും വലിയ രീതിയിൽ ഉയർന്നുവന്നിട്ടുണ്ട്. ഡ്രൈ ഫ്രൂട്സ്, എണ്ണ, സൗന്ദര്യവർധകവസ്തുക്കൾ, ഉപ്പിലിട്ട ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വ്യാപാരത്തിനായി ഈ സർട്ടിഫിക്കേഷൻ ഉപയോഗിക്കുന്നുണ്ട്.”-ഗിരിരാജ് സിങ് പറഞ്ഞു. അതിനാൽ ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണമെന്നും വിഷയം അന്വേഷിക്കണമെന്നും ബിഹാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. ബിഹാർ സ്വദേശിയും ബെഗുസാരായി എം.പിയും എന്ന നിലയിൽ ഇക്കാര്യത്തിൽ ശക്തമായ നടപടി എടുക്കണമെന്നാണ് ആവശ്യം.
നിങ്ങൾ എൻ.ഡി.എ സർക്കാരിനു കീഴിലെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമവാഴ്ചക്കാണ് മുൻഗണന നൽകിയിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ ഇതിൽ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ട്. കോൺഗ്രസ് അതിന്റെ വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായി കൊണ്ടുവന്നതാണ് ഹലാൽ സർട്ടിഫിക്കേഷൻ. എന്നാൽ ഇപ്പോൾ അത് സമാന്തര സമ്പദ്‌വ്യവസ്ഥ സ്ഥാപിക്കുന്നതിനായി രാജ്യത്തുടനീളം വിപണിയെ വർധിപ്പിച്ചിരിക്കുന്നു.ഇതൊരു വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. ”-കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.ഇന്ത്യയെപ്പോലുള്ള ഒരു മതേതര ജനാധിപത്യത്തിൽ, ഹലാൽ സർട്ടിഫിക്കേഷൻ ഭരണഘടനാ വിരുദ്ധം മാത്രമല്ല രാജ്യദ്രോഹത്തിന് തുല്യമാണ്. തീവ്രവാദ ബന്ധത്തിനുള്ള സാധ്യതയും അതിലുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.യു.പിയിൽ യോഗി സർക്കാർ ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിച്ചു. ബിഹാറും ആ പാത പിന്തുടരണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.