പെൻഷൻ കിട്ടാത്തതിൽ വയോധികർ ഭിക്ഷ യാചിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മറിയക്കുട്ടിക്ക് KPCC വീട് വച്ച് നൽകുമെന്ന് സുധാകരൻ വ്യക്തമാക്കി. രണ്ട് മാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാകുമെന്നും സുധാകരൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. പ്രതികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും വിഷയത്തിൽ മുൻവിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും സുധാകരൻ പ്രതികരിച്ചു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമർശം തെറ്റാണെന്ന് തോന്നുന്നില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഡിസിസി പ്രസിഡന്റ് പറഞ്ഞത് അദേഹത്തിന്റെ അഭിപ്രായമാണ്. മുഖ്യമന്ത്രി ഭാഷ സമ്പന്നമായാണല്ലോ സംസാരിക്കുന്നതെന്ന് പരിഹസിച്ച സുധാകരൻ, സ്വന്തം പാർട്ടിയിലെ കെ കെ ശൈലജയെ പറഞ്ഞത് നമ്മൾ കേട്ടതാണല്ലോയെന്നും കൂട്ടിച്ചേർത്തു.