തെൽഅവീവ്: ഇസ്രായേൽ വെടിയുണ്ടകളും ബോംബുകളും വർഷിച്ച് മരുപ്പറമ്പാക്കി മാറ്റിയ ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആക്രമണത്തിന്റെ തീവ്രത ഈ ദിവസങ്ങളിൽ കുറയുമെങ്കിലും യുദ്ധം ചുരുങ്ങിയത് രണ്ടുമാസം കൂടി തുടരുമെന്നാണ് ഇസ്രായൽ പ്രതിരോധമന്ത്രി യോയവ് ഗാലന്റ് അറിയിച്ചത്.ഹമാസുമായുള്ള ഹ്രസ്വ വെടിനിർത്തൽ അവസാനിക്കുന്നതോടെ കൂടുതൽ തീവ്രതയോടെ, ഗസ്സയിൽ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം. ബന്ദികളുടെ മോചന ശേഷം ആക്രമണം കടുപ്പിക്കുമെന്നാണ് ഇതിനർഥം. ആക്രമണത്തിന് മൂർച്ച കൂട്ടാനുള്ള അവസരമായി വെടിനിർത്തൽ മാറ്റാനും ഇസ്രായേൽ സേനക്ക് നിർദേശം ലഭിച്ചുകഴിഞ്ഞു. കൂടുതൽ ആയുധങ്ങൾ സംഭരിക്കുക, കരുത്താർജിക്കുക, യുദ്ധം പൂർവാധികം ശക്തിയോടെ തുടരുക എന്നാണ് ഇസ്രായേലിന്റെ നയം. ഫലസ്തീനികൾക്കെതിരെ സമ്പൂർണ വിജയമാണ് ലക്ഷ്യമെന്നും ഗാലന്റ് സൂചിപ്പിച്ചു. ഒപ്പം ഇസ്രായേൽ ബന്ദികളെ പൂർണമായി വിട്ടുകിട്ടുകയും വേണം. സമ്മർദ്ദം കൊണ്ട് മാത്രമേ അവരുടെ മോചനം സാധ്യമാവുകയുള്ളൂവെന്നും ഗാലന്റ് പറഞ്ഞു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥത്തിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് ധാരണയായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള 50 ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് സമ്മതിച്ചിരുന്നു. അതിനു പകരമായി 150 ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയക്കും. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. നാലുദിവസം വെടിനിർത്തൽ വരുന്നതോടെ ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങളും എത്തും.
സൈന്യം യുദ്ധം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രായേൽ സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹലേവിയും വ്യക്തമാക്കിയിരുന്നു. വിജയം കാണുന്നത് വരെ യുദ്ധം തുടരും. ഹമാസിന്റെ കൂടുതൽ മേഖലകൾ പിടിച്ചടക്കും-ഹലേവി പറഞ്ഞു.വെള്ളിയാഴ്ച പ്രാദേശിക സമയം ഏഴുമണിയോടെയാണ് വെടിനിർത്തൽ ആരംഭിച്ചത്. ഒന്നരമാസം നീണ്ട യുദ്ധത്തിനാണ് ഇതോടെ താൽകാലിക വിരാമമായത്. ഇന്ന് നാലുമണിയോടു കൂടി സ്ത്രീകളും കുട്ടികളുമടങ്ങുന്ന 13 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരമായി 39 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. നാലുദിവസത്തിനുള്ളിൽ കരാർ പ്രകാരമുള്ള ബന്ദികൈമാറ്റം യാഥാർഥ്യമാകും. ഒക്ടോബർ 17ന് തുടങ്ങിയ യുദ്ധത്തിൽ 14,800 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.