തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ രേഖ കേസിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. താൻ ഒരു നിയമപ്രതിരോധവുമില്ലാതെയാണ് വന്നത് എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യ പ്രതികരണം. നാളെയും വിളിച്ചാൽ വരുമെന്ന് വ്യക്തമാക്കിയ രാഹുൽ ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്നും വിശദമാക്കി.
ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഒരു തരത്തിലുളള നെഞ്ചു വേദനയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് അടൂരിൽ നിന്ന് സാക്ഷിയായി വരുമ്പോൾ വണ്ടിക്കൂലി പൊലീസ് നൽകണം. പൊതുഖജനാവിൽ നിന്നും താൻ നഷ്ടമുണ്ടാക്കുന്നില്ല. പത്തനംതിട്ട ജില്ല വൈസ് പ്രസിഡൻ്റ് ഒളിവി ലാണോയെന്ന് അറിയില്ല. വിഷയത്തിൽ കെപിസിസി വിശദീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. രാവിലെ പത്തു മണിക്ക് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതേ സമയം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും കമ്മീഷനെ അറിയിച്ചു. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചു. നിയമോപദേശത്തിൻെറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകും. അന്വേഷണ സംഘത്തിനെതിരായ പരാമർശം റദ്ദാക്കണമെന്നും അപ്പീലിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടും.