ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നവരിൽ വർധനവ് ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനുമാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം കുട്ടികളിലെ ശ്വാസകോശ രോഗബാധയ്ക്കു കാരണം അജ്ഞാത വൈറസ് അല്ലെന്നും ഇന്‍ഫ്ലുവന്‍സ വൈറസടക്കം രോഗാണുക്കളാണ് കാരണമെന്നും ചൈന വിശദീകരിച്ചു.
ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുമായി സാമ്യമുള്ള അജ്ഞാത വൈറസ് ചൈനയിലെ കുട്ടികൾക്കിടയിൽ പടർന്നുപിടിക്കുന്നു എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ രാജ്യത്ത് ഊർജ്ജിതമാക്കുന്നത്. കോവിഡിന്‍റെ ഭാഗമായി സജ്ജമാക്കിയിട്ടുള്ള നിരീക്ഷണ സംവിധാനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നാണ് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നവരിലും ചികിത്സ തേടി എത്തുന്നവരിലും വർധനവ് ഉണ്ടാകുന്നുണ്ടോ എന്ന് തുടർച്ചയായി നിരീക്ഷിക്കണം. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം.