കൊച്ചി∙ നവകേരള സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതിയുടെ ആവശ്യം. സ്കൂൾ മതിലിനൊപ്പം പഴയ സ്റ്റേജും കൊടിമരവും പൊളിക്കണമെന്നും ആവശ്യമുണ്ട്. ഇതു സംബന്ധിച്ച് നവകേരള സദസ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്തു നൽകി. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനർനിർമിക്കുമെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് സ്കൂളിനകത്ത് കയറുന്നതിന് വേണ്ടിയാണ് മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെടുന്നത്. സ്കൂളിന്റെ മുൻവശത്തെ കൊടിമരം നീക്കം ചെയ്യുന്നതിന് പുറമേ ഇതിനോട് ചേർന്നുള്ള മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണം. പഴയ കോൺക്രീറ്റ് സ്റ്റേജാണ് മൈതാനത്തുള്ളത്. ഇത് പൊളിച്ചു നീക്കണം. മൈതാനത്തേക്ക് ബസിറങ്ങുന്നതിനായി ഈ വഴിയുടെ വീതി മൂന്നു മീറ്ററായി വർധിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു വേദിക്കരികിലെത്താൻ മലപ്പുറം തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ മതില്‍ പൊളിച്ചിരുന്നു. ഇവിടെ പ്രധാന കവാടത്തിലൂടെ ബസിന് ഉള്ളിലേക്കു കടക്കാൻ സാധിക്കില്ല. മതിൽ പൊളിച്ച ഭാഗത്തുണ്ടായിരുന്ന അഴുക്കുചാൽ പാറപ്പൊടിയിട്ടു മൂടി ബസിനു വഴിയൊരുക്കുകയായിരുന്നു.
നേരത്തേ, വയനാട്ടിലെ നവകേരള സദസിന്റെ ഭാഗമായി മാനന്തവാടി ജിവിഎച്ച്എസ്‌എസിന്റെ മതിലിന്റെ ഒരു ഭാഗവും പൊളിച്ചിരുന്നു. മഴയിൽ സ്കൂൾ ഗ്രൗണ്ടിൽ ചെളിയാകുമെന്ന് മുൻകൂട്ടി കണ്ട് മതിലിന്റെ ഒരുഭാഗം പൊളിച്ച് പ്രത്യേകം വഴിയുമൊരുക്കുകയായിരുന്നു. മുൻപേ പൊളിഞ്ഞു തുടങ്ങിയതാണ് മതിൽ.