അബുദാബി: യുഎഇയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയർലന്റിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ. അബുദാബിയിൽ നിന്ന് അയർലന്റ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതരും സ്ഥികരീകരിച്ചു.
അഞ്ചാംപനി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഐറിഷ് അധികൃതര്‍ പ്രത്യേക ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതേ വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്നാണ് നിർദേശം. ഇവർ വീടുകളിൽ പ്രത്യേകം മുറിയിൽ തനിച്ച് താമസിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടുകയും വേണം. മൂക്കൊലിപ്പ്, കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും, കഴുത്തിന് ചുറ്റും പാടുകൾ, കടുത്ത പനി എന്നിങ്ങനെയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ.
ശനിയാഴ്ച അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്കുള്ള ഇ.വൈ 045 വിമാനത്തിൽ യാത്ര ചെയ്തയാളിനാണ് അഞ്ചാംപനി സ്ഥിരീകരിച്ചതെന്ന് ഇത്തിഹാദ് വ്യക്തമാക്കി. ബന്ധപ്പെട്ട ആരോഗ്യ വിഭാഗം നൽകുന്ന എല്ലാ നിർദേശങ്ങളും പാലിക്കാനുള്ള നടപടികള്‍ ഇത്തിഹാദ് സ്വീകരിക്കുമെന്നും രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ അധികൃതരെ സഹായിക്കുമെന്നും കമ്പനി വക്താവ് അബുദാബിയിൽ അറിയിച്ചു.