ഹൈദരാബാദ്: രാജ്യത്തെ വിദ്വേഷം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി. നാമ്പള്ളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും ബി.ആർ.എസും രാജ്യത്തുടനീളം വിദ്വേഷം പടർത്തിയെന്നും അദ്ദേഹം ആരോപിച്ചു.”അപകീർത്തിപ്പെടുത്തൽ ആരോപിച്ച് എനിക്ക് രണ്ട് വർഷം ശിക്ഷ ലഭിച്ചു. ലോക്സഭ അംഗത്വം റദ്ദാക്കി. സർക്കാർ വസിതി ഒഴിയേണ്ടിവന്നു. എന്നാൽ അതെനിക്ക് ആവശ്യമില്ലന്നാണ് ഞാൻ പറഞ്ഞത്. കാരണം എന്‍റെ വീട് രാജ്യത്തെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലാണ്. പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, അതിൽ എനിക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല” – രാഹുൽ ഗാന്ധി പറഞ്ഞു.
മോദിയെ കേന്ദ്രത്തിൽ തോൽപ്പിക്കണമെങ്കിൽ ആദ്യം, ബി.ആർ.എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിനെ തെലങ്കാനയിൽ തോൽപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ആർ.എസും ബി.ജെ.പിയും എ.ഐ.എം.ഐ.എമും ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരേപിച്ചു.ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറാണ് കെ.സി.ആറിന്‍റെതെന്നും എന്നാൽ ഏതെങ്കിലുമൊരു കേസ് അദ്ദേഹത്തിനെതിരെ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇ.ഡി, സി.ബി.ഐ, ആദായനികുതി എന്നിങ്ങനെയുള്ള അന്വേഷണ ഏജൻസികളൊന്നും കെ.സി.ആറിന്‍റെയോ എ.ഐ.എം.ഐ.എമിന്‍റെയോ പിന്നാലെ വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.