വാഷിങ്ടൺ: എക്സിലെ പരസ്യദാതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. എക്സിൽ പരസ്യം നൽകില്ലെന്ന് അറിയിച്ച് വൻകിട കമ്പനികൾ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് മസ്ക് പറഞ്ഞു. ന്യൂയോർക്കിന്റെ ഡീൽബുക്ക് സമ്മിറ്റിൽ സംസാരിക്കവെയാണ് മസ്ക് വൻകിട ഭീമൻമാർക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയത്.
നേരത്തെ എക്സിൽ പരസ്യം ചെയ്യുന്നതിൽ നിന്ന് ചില കമ്പനികൾ പിന്മാറിയിരുന്നു. ഇതിലാണ് മസ്കിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. എക്സിൽ അവർ പരസ്യം ചെയ്യേണ്ടതില്ലെന്ന് മസ്ക് അറിയിച്ചു. പരസ്യം ഉപയോഗിച്ചും പണം ഉപയോഗിച്ചും ആരെങ്കിലും തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അത് നടക്കില്ലെന്നും മസ്ക് വ്യക്തമാക്കി.എക്സിനെ ബഹിഷ്‍കരിച്ച ആപ്പിൾ, വാൾട്ട് ഡിസ്നി, ഐ.ബി.എം തുടങ്ങിയ വൻകിടക്കാർക്കെതിരെയായിരുന്നു മസ്കിന്റെ വിമർശനം.
ഇസ്രായേലിന്റെ ഗസ്സ അധിനിവേശം സംബന്ധിച്ച വാർത്തകൾക്കും ചിത്രങ്ങൾക്കും വിഡിയോകൾക്കും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സെൻസർഷിപ്പ് ഏർപ്പെടുത്തിയപ്പോൾ എക്സിൽ അത്തരം നടപടികളുണ്ടായിരുന്നില്ല. മറ്റ് പ്ലാറ്റ്ഫോമുകളിലെ വിഷയത്തിലെ ഇസ്രായേൽ ഭാഷ്യം മാത്രമാണ് പുറത്ത് വന്നതെങ്കിൽ എക്സിൽ ഹമാസിന്റേയും മറ്റുള്ളവരുടേയും അഭിപ്രായ പ്രകടനങ്ങളും പുറത്ത് വന്നു. ഇതിന് പുറമേ ജൂതവിരുദ്ധ പോസ്റ്റിന് അനുകൂലമായി മസ്ക് അഭിപ്രായപ്രകടനം കൂടി നടത്തിയതോടെയാണ് ആപ്പിൾ, ഡിസ്നി, ഐ.ബി.എം തുടങ്ങിയ കമ്പനികൾ എക്സിലെ പരസ്യങ്ങൾ പിൻവലിക്കുമെന്ന് അറിയിക്കുകയായിരുന്നു.