യുവാവിന്‍റെ ഫോണ്‍ ഗാലറിയില്‍ നിറയെ 13000ലധികം നഗ്ന ചിത്രങ്ങള്‍. അതില്‍ തന്‍റെയും സഹപ്രവര്‍ത്തകരുടെയും കൂടി ഫോട്ടോ കണ്ടപ്പോഴേക്കും അയാളുടെ കാമുകിയും പരാതിയുമായെത്തി. മോര്‍ഫ് ചെയ്തതും ചെയ്യാത്തതുമുള്‍പ്പെടെയുള്ള ചിത്രങ്ങളായിരുന്നു എല്ലാം. ഡീപ്ഫേക്ക് പോലുള്ള സംവിധാനങ്ങള്‍ എത്രമാത്രം ആശങ്കകളുണ്ടാക്കുന്നുവെന്നതിന് ഉദ്ദാഹരണമാണ് ഇതും.
ബെംഗലൂരുവിലെ ഒരു ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകനായ യുവാവിനെതിരെ കമ്പനി മേധാവികൾക്കു പരാതി നൽകിയത്. സൈബർ ക്രൈം സ്റ്റേഷനിലേക്കു പരാതി കൈമാറുകയും ചെയ്തു.
ആദിത്യ സന്തോഷ് എന്ന യുവാവിനെതിരെ കേസെടുത്തതായും അറസ്റ്റ് ചെയ്തതതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലുമാസത്തോളമായി യുവതിയും യുവാവും പ്രണയത്തിലായിരുന്നു. അതിനിടയ്ക്കും ഇരുവരും ഒരുമിച്ചു ചിത്രങ്ങളും പകർത്തി. അടുത്തിടെ ആ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാനായി ഫോൺ തുറന്നതോടെയാണ് ചില മോർഫ് ചെയ്ത ചിത്രങ്ങളും കണ്ടത്. കൂടുതൽ പരിശോധനയിൽ സഹപ്രവർത്തകരുടെയും ചിത്രങ്ങളും കണ്ടെത്തി.
നഗ്ന ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ പ്രതി ഡീപ്ഫേക്ക് സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി പൊലീസ് അന്വേഷണം നടത്തിവരുന്നു. ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് പ്രതി പറഞ്ഞെങ്കിലും അതിനെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തിവരുന്നു. ഡീപ് ഫെയ്ക് വിഡിയോകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും മൂന്നു വർഷം തടവും ലഭിക്കുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.